പാസഞ്ചര്‍ ട്രെയിനുകള്‍ ഇനി സൗരോര്‍ജത്തിലോടും; കോച്ചുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ റെയില്‍വേ 

രാജ്യത്തെ റെയില്‍വേ കോച്ചുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതി
പാസഞ്ചര്‍ ട്രെയിനുകള്‍ ഇനി സൗരോര്‍ജത്തിലോടും; കോച്ചുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ റെയില്‍വേ 

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ കോച്ചുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. ഊര്‍ജ സംരക്ഷണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ക്കുള്ളിലെ ഫാനുകള്‍, ലൈറ്റുകള്‍, മൊബൈല്‍ ചാര്‍ജിങ് സ്ലോട്ടുകള്‍ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്. ഇന്ത്യന്‍ റെയില്‍വേ ഫോര്‍ ഓള്‍ട്ടര്‍നേറ്റ് ഫ്യുയല്‍സ് (ഐആര്‍ഒഎഎഫ്) ആണ് പാനലുകള്‍ സ്ഥാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡെമു ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സോളര്‍ പാനലുകള്‍ സ്ഥാപിച്ചിരുന്നു.

പലപ്പോഴും ട്രെയിനുകള്‍ വേഗത കുറച്ചോടുമ്പോള്‍ ബാറ്ററിയുടെ ചാര്‍ജിങ് ശരിയായ രീതിയില്‍ നടക്കാത്തതിനാലാണ് ഈ നടപടിയെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. ആദ്യ പടിയായി സീതാപുര്‍ - ഡല്‍ഹി റിവാരി പാസഞ്ചര്‍ ട്രെയിനില്‍ പാനലുകള്‍ സ്ഥാപിച്ചതായും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിനാണ് സോളര്‍ പാനലുകളുടെ നിര്‍മാണ ചുമതല. ഓരോ കോച്ചിലെയും പാനല്‍ പ്രതിദിനം 15-20 യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കും. ഒരു ട്രെയിനിലെ സോളര്‍ പാനലുകളുടെ പരമാവധി ഭാരം 120 കിലോയായിരിക്കും.

ആദ്യ ഘട്ടത്തില്‍ ഡെമു, പാസഞ്ചര്‍ ട്രെയിനുകളിലായി 250 കോച്ചുകളിലാണ് സോളര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. ഓരോ പാനലിന്റെയും ഊര്‍ജ ഉല്‍പാദനം രേഖപ്പെടുത്തുന്നതിനായി പ്രത്യേകം മോണിറ്ററുകളും സ്ഥാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com