ബൈക്കിലെത്തിയ മോഷ്ടാക്കള്‍ മാല പൊട്ടിച്ചു കടന്നു; തിരിച്ചുപിടിക്കാന്‍ 35 കാരി പിന്തുടര്‍ന്നത് നാലുകിലോമീറ്റര്‍, സംഭവം ഇങ്ങനെ 

നാലുകിലോമീറ്റര്‍ മോഷ്ടാക്കളെ പിന്തുടര്‍ന്ന സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ അര്‍പ്പിത മോഷ്ടാക്കളില്‍ ഒരാളെ പിടികൂടിയ ശേഷമാണ് ശ്വാസം വിട്ടത്
ബൈക്കിലെത്തിയ മോഷ്ടാക്കള്‍ മാല പൊട്ടിച്ചു കടന്നു; തിരിച്ചുപിടിക്കാന്‍ 35 കാരി പിന്തുടര്‍ന്നത് നാലുകിലോമീറ്റര്‍, സംഭവം ഇങ്ങനെ 

വഡോദര: അവിചാരിതമായി ബൈക്കില്‍ എത്തുന്ന സംഘം കഴുത്തില്‍ കിടക്കുന്ന മാല പൊട്ടിച്ച് കടന്നുകളയുമ്പോള്‍ പലപ്പോഴും സ്തബ്ധനായി നോക്കിനില്‍ക്കുന്നതാണ് പതിവ്. സംഭവത്തില്‍ ഭയചകിതരായി പ്രതികരണശേഷി പോലുമില്ലാതെ നില്‍ക്കുന്ന സന്ദര്‍ഭങ്ങളും നിരവധിയാണ്. എന്നാല്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നുമുളള റിപ്പോര്‍ട്ടുകള്‍ ഇതില്‍ നിന്നും വ്യത്യസ്തമാണ്. അക്കൗണ്ടന്റായ ഒരു സ്ത്രീ നിശ്ചയദാര്‍ഡ്യം കൊണ്ട് വിധിയെ മറികടക്കുന്നതാണ് ഇവിടെ നിന്നുമുളള പ്രധാന വാര്‍ത്ത.

ബൈക്കിലെത്തിയ സംഘം കഴുത്തിലെ മാല പൊട്ടിച്ച് കടന്നുകളഞ്ഞപ്പോള്‍ അര്‍പ്പിത ദേശായി നിസഹായായി നോക്കിനിന്നില്ല. മാല തിരിച്ചുപിടിക്കണമെന്ന 35കാരിയുടെ നിശ്ചയദാര്‍ഡ്യം എത്ര കിലോമീറ്റര്‍ വരെയും സഞ്ചരിക്കാന്‍ അവര്‍ക്ക് കരുത്തുപകര്‍ന്നു. അതിന് ഫലവുമുണ്ടായി. നാലുകിലോമീറ്റര്‍ മോഷ്ടാക്കളെ പിന്തുടര്‍ന്ന സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ അര്‍പ്പിത മോഷ്ടാക്കളില്‍ ഒരാളെ പിടികൂടിയ ശേഷമാണ് ശ്വാസം വിട്ടത് എന്ന് പറഞ്ഞാലും തെറ്റില്ല. 

പച്ചക്കറി വാങ്ങാന്‍ തന്റെ ഇരുചക്രവാഹനത്തില്‍ വഡോദരയിലെ അജ്‌വാ റോഡില്‍ പോകുന്നവേളയിലാണ് അര്‍പ്പിത ദേശായിയുടെ മാല മോഷ്ടാക്കള്‍ കവര്‍ന്നത്. വാഹനത്തിന്റെ വേഗത കുറയ്ക്കുന്നതിനിടയില്‍ ബൈക്കിലെത്തിയ സംഘം ഞൊടിയിടയില്‍ കഴുത്തിലെ മാലപ്പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. എന്നാല്‍ നോക്കി നില്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പിന്നെയായിരുന്നു സിനിമയെ വെല്ലുന്ന പിന്തുടരല്‍.

നാലുകിലോമീറ്റര്‍ മോഷണസംഘത്തെ പിന്തുടര്‍ന്ന അര്‍പ്പിത മാല പൊട്ടിച്ച ബൈക്കിലെ പിന്‍സീറ്റ് യാത്രക്കാരനെ പിടികൂടുകയായിരുന്നു. ശ്രീ ഹരി ടൗണ്‍ഷിപ്പിന് സമീപം മോഷണസംഘത്തിന്റെ മോട്ടോര്‍സൈക്കിള്‍ തെന്നിമാറി. ഒരു നിമിഷം പോലും പാഴാക്കാതെ മോഷ്ടാക്കളില്‍ ഒരാളെ പിടികൂടുകയായിരുന്നു അര്‍പ്പിത. ബൈക്കിന്റെ പിന്നിലുണ്ടായിരുന്ന ഇയാളാണ് മാല മോഷ്ടിച്ചതെന്ന് അര്‍പ്പിത ദേശായി പൊലീസിനോട് പറഞ്ഞു.തുടര്‍ന്ന ഒച്ചവെച്ച അര്‍പ്പിതയുടെ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ പൊലീസിനെ ഏല്‍പ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com