ഡ്രൈവിങ്ങിനിടെ വീഡിയോ പകര്‍ത്താന്‍ ശ്രമം; വിനോദയാത്രയ്ക്കിടെ മൂവര്‍ സംഘം അപകടത്തില്‍ പെട്ടു, ഒരാള്‍ മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2018 12:58 PM  |  

Last Updated: 26th July 2018 12:58 PM  |   A+A-   |  

accident

നൈനിറ്റാള്‍: ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍ മൂന്ന് യുവാക്കള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുമാണ്. നൈനിറ്റാളില്‍ നിന്ന് വിനോദസഞ്ചാരകേന്ദ്രമായ കാലദുങ്കിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. കാറില്‍ സഞ്ചരിച്ച മൂവര്‍ സംഘം യാത്രയ്ക്കിടയില്‍ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

സൈനികനായ ബിരേന്ദര്‍ കുമാര്‍ എന്ന യുവാവാണ് മരിച്ചത്. നൈനിറ്റാള്‍ സ്വദേശിയായ ബിരേന്ദര്‍ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന ബിരേന്ദറിന്റെ ഇളയ സഹോദരന്‍ സഞ്ജു കുന്‍വാറും സുഹൃത്ത് ദിപു ദാനിയുമാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലുള്ളത്. 

വീഡിയോ ചിത്രീകരിച്ച ഫോണ്‍ പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. മൂവരും സന്തോഷത്തോടെ യാത്രചെയ്യുന്ന ദൃശ്യങ്ങളാണ് ഇവര്‍ വീഡിയോയില്‍ പകര്‍ത്തിയത്. വീഡിയോയുടെ അവസാനഭാഗത്തേക്കെത്തുമ്പോള്‍ വ്യക്തതയില്ലാത്ത ദൃശ്യങ്ങളാണ് കാണാനാകുന്നതെന്നും ഈ സമയം കാര്‍ ഓടിച്ചുകൊണ്ടിരുന്നയാള്‍ക്ക് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കാമെന്നുമാണ് പൊലീസിന്റെ നിഗമനം. നിയന്ത്രണം വിട്ട വാഹനം കുത്തനെയുള്ള ഇറക്കത്തിലേക്ക് മറിയുകയായിരുന്നു.