പാതിരാത്രിയിലെ 'സണ്‍ഗ്ലാസ്' ജീവന്‍ രക്ഷിച്ചു; കോടീശ്വരനെ തട്ടിക്കൊണ്ട് പോയവരെ കയ്യോടെ പിടികൂടി പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2018 02:07 PM  |  

Last Updated: 26th July 2018 02:07 PM  |   A+A-   |  

ന്യൂഡല്‍ഹി: രാത്രിയില്‍ സണ്‍ഗ്ലാസും ധരിച്ചൊരാള്‍ കാറിലിരുന്ന് പോകുന്നത് കണ്ടപ്പോള്‍ ഗുഡ്ഗാവിലെ പൊലീസുകാരന് തോന്നിയ സംശയമാണ് ഹര്‍പാല്‍ സിങെന്ന 'കോടീശ്വര'നായ ചായക്കടക്കാരന്റെ ജീവന്‍ രക്ഷിച്ചത്. മനേസറിലെ മാരുതി പ്ലാന്റിനടുത്ത് ചായക്കട നടത്തിക്കൊണ്ടിരുന്ന ഹര്‍പാലിന്റെ ഭൂമി മൂന്ന് കോടി രൂപയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഈ വിവരം അറിവുണ്ടായിരുന്ന രണ്ട് പേരാണ് തിങ്കളാഴ്ച രാത്രി ഹര്‍പാലിനെ തട്ടിക്കൊണ്ടു പോയത്.

ഹര്‍പാലിന്റെ കൈ കെട്ടി വച്ച സംഘം കണ്ണില്‍ ടേപ്പ് ഒട്ടിച്ചത് അറിയാതിരിക്കാന്‍ സണ്‍ഗ്ലാസ് ധരിപ്പിച്ചാണ് വണ്ടിയില്‍ ഇരുത്തിയത്.പാതിരാത്രി സണ്‍ഗ്ലാസ് ധരിച്ചൊരാള്‍ കാറില്‍ യാത്ര ചെയ്യുന്നത് കണ്ട പൊലീസുകാരന്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഡല്‍ഹി-ഗുഡ്ഗാവ് അതിര്‍ത്തിയില്‍ വച്ച് ഹര്‍പാലിനെ രക്ഷപെടുത്തുകയായിരുന്നു. തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

സര്‍ക്കാരില്‍ നിന്നും ഹര്‍പാലിന് കോടികള്‍ ലഭിച്ച വിവരം അറിഞ്ഞാണ് തട്ടിക്കൊണ്ട് പോയതെന്നും ആദ്യഘട്ടമായി മൂന്ന് ലക്ഷം രൂപ വാങ്ങാനായിരുന്നു ശ്രമമെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചു.ഡല്‍ഹിയിലെ ഒളിത്താവളത്തിലേക്ക് ഹര്‍പാലിനെ മാറ്റുന്ന വഴിയിലാണ് പൊലീസിന്റെ പിടിയിലാവുന്നത്.

ഹര്‍പാലിന്റെ കയ്യില്‍ ഫോണില്ലെന്ന് കണ്ടതോടെ പണം തട്ടിയെടുക്കല്‍ പദ്ധതി ഭാഗികമായി പൊളിഞ്ഞു. മോചനദ്രവ്യവുമായി ആരെങ്കിലും വരുന്നതിന് വിളിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. മാരുതിയിലെ തൊഴിലാളിയായ ജന്‍മഹ്ന് സിങാണ് സര്‍ക്കാര്‍ തന്റെ ഭൂമി വാങ്ങിയ വിവരം മറ്റുള്ളവരെ അറിയിച്ചതെന്ന് സംശയിക്കുന്നതായി ഹര്‍പാല്‍ പൊലീസിനെ അറിയിച്ചു.