ഏറെ കാലത്തിന് ശേഷം പെയ്ത മഴയത്ത് ചുംബിച്ച കമിതാക്കളുടെ ഫോട്ടോയെടുത്തു: ഫോട്ടോഗ്രഫര്‍ക്ക് മര്‍ദനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2018 11:39 PM  |  

Last Updated: 26th July 2018 11:39 PM  |   A+A-   |  

 

ധാക്ക: ഏറെ നാള്‍ കാത്തിരുന്നാണ് രാജസ്ഥാനില്‍ മഴയെത്തിയത്. അവിചാരിതമായി പെയ്ത മഴയില്‍ വഴിയരികത്തിരുന്ന് രണ്ടുപേര്‍ ചുംബിക്കുന്ന ഫോട്ടോ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഫോട്ടോയും അതിന്റെ പശ്ചാത്തലവുമെല്ലാം ഏറെ മനോഹരമായിരുന്നു. 

ഇവര്‍ക്ക് പിറകിലുള്ള ചായക്കടകളില്‍ ആളുകള്‍ ചായ ഉണ്ടാക്കിയിരുന്നു. വെറൊരാള്‍ കുട തന്റെ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്നു. ആരും ഒന്നും ശ്രദ്ധിച്ചിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമായിരുന്നു. പ്രശസ്ത ബംഗ്ലാദേശി ഫോട്ടോഗ്രാഫര്‍ ജിബോണ്‍ അഹമ്മദ് ആയിരുന്നു. 'ഇത് മഴയുടെ അനുഗ്രഹമാണ്, അവരെ സ്‌നേഹിക്കാന്‍ അനുവദിക്കൂ' എന്ന കാപ്ഷനോടെയായിരുന്നു അദ്ദേഹം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

പക്ഷേ ജിബോണ്‍ പകര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായതോടെ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടാവുകയായിരുന്നു. ധാക്ക സര്‍വകലാശാലയിലാണ് ജിബോണിന് നേരേ കൈയേറ്റമുണ്ടായത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മതമൗലികവാദികള്‍ എതിര്‍പ്പുമായി വരികയായിരുന്നു. പരസ്യമായി ചുംബിക്കുന്നതും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും സംസ്‌കാരത്തിന് നിരക്കുന്നതല്ലെന്ന നിലപാടായിരുന്നു അവര്‍ക്ക്.

അതേസമയം, സഹഫോട്ടോഗ്രാഫര്‍മാരാണ് ജിബോണെ മര്‍ദ്ദിച്ചതെന്നും ജോലി ചെയ്തിരുന്ന ന്യൂസ് വെബ്‌സൈറ്റില്‍ നിന്ന് പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജിബോണിന്റെ ചിത്രങ്ങള്‍ യഥാര്‍ത്ഥ്യമല്ലെന്നും ഫോട്ടോഷോപ്പില്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചതെന്ന് ഇവര്‍ ആരോപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഏറെ നാള്‍ കാത്തിരുന്ന് പെയ്ത മഴയില്‍ പരിസരം മറന്നു ചുംബിക്കുന്ന കമിതാക്കളുടെ ചിത്രം മണിക്കൂറുകള്‍ക്കകം ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. ദമ്പതികളെ കുറിച്ച് തനിക്കറിയില്ലെന്നും താന്‍ ചിത്രം കാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസിലായിട്ടും പ്രതികരിക്കുകയോ തന്നെ നോക്കുകയോ പോലും ചെയ്യാതെ പരസ്പരം സ്‌നേഹിക്കുന്നതില്‍ വ്യാപ്തരായിരുന്നു അവരെന്ന് ജിബോണ്‍ പറഞ്ഞു.

ബ്ലോഗറും മതേതരവാദിയുമായ അവിജിത് റോയി വധിക്കപ്പെട്ട കേസില്‍ ഏറെ നിര്‍ണായകമായിരുന്ന ചിത്രം പകര്‍ത്തിയത് ജിബോണ്‍ അഹമ്മദായിരുന്നു. ബംഗ്ലാദേശില്‍ മതമൗലികവാദികള്‍ കൊലപ്പെടുത്തിയ അവിജിത് റോയി ആക്രമിക്കപ്പെടുന്ന ചിത്രമായിരുന്നു അന്ന് ജിബോണ്‍ പകര്‍ത്തിയത്.