കരുണാനിധി അതീവഗുരുതരാവസ്ഥയില്‍; തമിഴ്‌നാട് പൊലീസ് ഉന്നതതല യോഗം ചേര്‍ന്നു; ആശങ്കയില്‍ അണികള്‍

ഗോപാലപുരത്തെ വസതിയില്‍ കാവേരി ആശുപത്രിയിലെ വിദഗ്ധ ഡോക്റ്റര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്
കരുണാനിധി അതീവഗുരുതരാവസ്ഥയില്‍; തമിഴ്‌നാട് പൊലീസ് ഉന്നതതല യോഗം ചേര്‍ന്നു; ആശങ്കയില്‍ അണികള്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധിയുടെ അരോഗ്യനില അതീവഗുരുതരം. തമിഴ്‌നാട് പൊലീസ് ചെന്നൈയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കാവേരി ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത്. ആരോഗ്യനില മോശമായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അണികള്‍ തടിച്ചുകൂടിയിരിക്കുകയാണ്. ഇവരെ വടംകെട്ടി പൊലീസ് തടഞ്ഞിരിക്കുകയാണ്.

ഗോപാലപുരത്തെ വസതിയില്‍ കാവേരി ആശുപത്രിയിലെ വിദഗ്ധ ഡോക്റ്റര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. എന്നാല്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നുമാണ് മകനും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്‍ പറയുന്നത്. തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വവും മക്കള്‍ നീതിമയ്യം നേതാവും നടനുമായ കമല്‍ഹാസനും അദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നു. 

പാര്‍ട്ടിയുടെ അധ്യക്ഷനായിട്ട് നാളെ അമ്പത് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇത് ആഘോഷമാക്കാനുള്ള തയാറെടുപ്പുകള്‍ നടക്കുമ്പോഴാണ് ആരോഗ്യനില മോശമാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. മൂത്രാശയ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സ തേടിയിരിക്കുന്നത്.  ആരോഗ്യസ്ഥിതി മോശമായതിനാല്‍ ബന്ധുക്കളടക്കം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇരുപത്തിനാല് മണിക്കൂറും ഇടവിട്ട് ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ പരിശോധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 94കാരനായ കരുണാനിധി ഏറെനാളായി സജീവ രാഷ്ട്രീയത്തില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com