പശ്ചിമ ബംഗാള്‍ പേരുമാറ്റുന്നു, ഇനി ബംഗ്ല; പുതിയ പേരിന് നിയമസഭയുടെ അംഗീകാരം, അവസാന വാക്ക് കേന്ദ്രത്തിന്റേത്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th July 2018 03:16 PM  |  

Last Updated: 26th July 2018 03:16 PM  |   A+A-   |  

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ എന്നതിന് പകരം ബംഗ്ല എന്ന് സംസ്ഥാനത്തിന്റെ പേരുമാറ്റുന്നത് അവസാനഘട്ടത്തിലേക്ക്. പേരുമാറ്റത്തെ മുഴുവന്‍ പാര്‍ട്ടികളും അനുകൂലിച്ച് നിയമസഭയില്‍ പ്രമേയം പാസാക്കി. കേന്ദ്ര സര്‍ക്കാരിന്റെ കൂടി അനുമതി ലഭിക്കുന്നതോടെ പേരുമാറ്റത്തിന് ഔദ്യോഗിക അംഗീകാരമാകും.

1999ല്‍ ഇടതുമുന്നണിയാണ് പശ്ചിമ ബംഗാള്‍ എന്നതിന് പകരം ബംഗ്ലാ എന്ന് പേരുമാറ്റണമെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവെച്ചത്. ഇതാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് പൂര്‍ണമായി അംഗീകരിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൂടി അംഗീകാരം നല്‍കുന്നതോടെ എല്ലാ ഭാഷയിലും പശ്ചിമബംഗാള്‍ ഇനി ബംഗ്ലാ എന്ന് അറിയപ്പെടും. 

രണ്ടുവര്‍ഷം മുന്‍പ് പേരുമാറ്റണമെന്ന ആവശ്യം ശക്തമായി സംസ്ഥാനത്ത് ഉയര്‍ന്നുവന്നിരുന്നു. അന്ന് മൂന്നുപേരുകള്‍ നിര്‍ദേശിച്ച് തൃണമൂല്‍ സര്‍ക്കാര്‍ പേരുമാറ്റല്‍ നടപടി തടസ്സപ്പെടുത്തുകയായിരുന്നു. ബംഗാളി ഭാഷയില്‍ ബംഗ്ലാ എന്നും ഹിന്ദി ഭാഷയില്‍ ബാംഗള്‍ എന്നും ഇംഗ്ലീഷില്‍ ബംഗാള്‍ എന്നും വിളിക്കുന്ന രീതിയില്‍ പേരുമാറ്റണമെന്നാണ് തൃണമൂല്‍ മുന്നോട്ടുവെച്ച നിര്‍ദേശം. എന്നാല്‍ കേന്ദ്രം ഇതിനെ എതിര്‍ത്തു. ഏകീകൃത പേരുമാത്രമേ അംഗീകരിക്കാന്‍ കഴിയുകയുളളുവെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

നിലവില്‍ ഇംഗ്ലീഷ്  അക്ഷരമാല ക്രമത്തില്‍ അവസാന  നിരയില്‍ വരുന്ന ഡബ്ല്യൂ എന്ന അക്ഷരം തൊട്ടാണ് പേര് ആരംഭിക്കുന്നത്. ഇത് മൂലം കേന്ദ്രം വിളിച്ചുചേര്‍ക്കുന്ന സംസ്ഥാനങ്ങളുടെ യോഗങ്ങളില്‍ അവസാനം മാത്രമാണ് സംസ്ഥാനത്തിന് വേണ്ടി സംസാരിക്കാന്‍ സാധിക്കുന്നത്. ഇതും കണക്കിലെടുത്താണ് പേരുമാറ്റം എന്ന നിര്‍ദേശം ഉയര്‍ന്നുവരാന്‍ മുഖ്യകാരണം.

നിലവില്‍ സംസ്ഥാനത്ത് പശ്ചിമ ബംഗാളിനെ പശ്ചിം ബംഗാ എന്ന പേരിലാണ് വിളിക്കുന്നത്. 2011ല്‍ ബുദ്ധദേവ് സര്‍ക്കാരാണ് ഈ പേരുമാറ്റം നടത്തിയത്. എന്നാല്‍ ഇതിന് ഔദ്യോഗികമായ അംഗീകാരം ലഭിച്ചിട്ടില്ല.