വിമാന  ടോയ്‌ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മ തായ്ക്കൊണ്ടോ താരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th July 2018 02:30 PM  |  

Last Updated: 26th July 2018 02:30 PM  |   A+A-   |  

ന്യൂഡല്‍ഹി: വിമാനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മ തായ്ക്കൊണ്ടോ താരമെന്ന് റിപ്പോർട്ട്. പത്തൊമ്പതുകാരിയായ തായ്കൊണ്ടോ താരം, ശിശു തന്റേതാണെന്ന് സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. ​ഗുവാഹത്തിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് എയർ ഏഷ്യ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നുമാണ് കാബിൻ ക്രൂ അം​ഗങ്ങൾ പൂർണ വളർച്ചയെത്താത്ത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. 

ഇംഫാലില്‍നിന്ന് ഗുവാഹത്തി വഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം. ടോയ്‌ലറ്റ് പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ഏതാണ്ട് അഞ്ച്- ആറ് മാസം മാത്രം പ്രായം വരികയുള്ളൂ എന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 

വ്യാഴാഴ്ച ഒരു ടൂർണമെന്റിൽ പങ്കെടുക്കാൻ പരിശീലകനൊപ്പം ദക്ഷിണ കൊറിയയിലേക്ക് പോകാനിരിക്കുകയായിരുന്നു താരം. എന്നാൽ താരം ​ഗർഭിണി ആയിരുന്നെന്ന കാര്യം അറിഞ്ഞില്ലെന്ന് കോച്ച് പൊലീസിനോട് പറഞ്ഞു.വിമാന ടിക്കറ്റിനായുള്ള രേഖകൾ പൂരിപ്പിച്ച് നൽകിയപ്പോഴും ഇക്കാര്യം വെളിപ്പെടുത്തിയില്ലെന്നാണ് ഇദ്ദേഹം അറിയിച്ചത്. 

സംഭവത്തേത്തുടര്‍ന്ന് പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. വിമാനം ഡല്‍ഹിയിലെത്തിയ ശേഷം എല്ലാ സ്ത്രീ യാത്രികരേയും ചോദ്യം ചെയ്തതിലൂടെയാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് എയര്‍ ഏഷ്യ  അറിയിച്ചു.