ഹുമയൂണ്‍ മുഗള്‍ ഭരണാധികാരി ബാബറിന്റെ പിതാവ്; അബദ്ധം പിണഞ്ഞ് ബിജെപി സംസ്ഥാന അധ്യക്ഷന്‍

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th July 2018 04:49 PM  |  

Last Updated: 26th July 2018 04:49 PM  |   A+A-   |  

 

ജയ്പുര്‍: ചരിത്രത്തെ വളച്ചൊടിച്ച് രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ നടത്തിയ പ്രസ്താവന വിവാദത്തില്‍. ഇന്ത്യ  ഭരിക്കണമെങ്കില്‍ പശുക്കളെ ബഹുമാനിക്കണമെന്ന് മുഗള്‍ ഭരണാധികാരി ബാബറിനോട് ഹുമയൂണ്‍ ആവശ്യപ്പെട്ടെതായുളള രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ മദന്‍ലാല്‍ സൈനിയുടെ പ്രസ്താവനയാണ് വിവാദമായത്. ഹുമയൂണ്‍ മരണക്കിടക്കയില്‍ കിടന്നപ്പോഴാണു ബാബറിനോടിതു പറഞ്ഞതെന്നും ഇന്ത്യ ഭരിക്കണമെങ്കില്‍ പശുക്കളെയും ബ്രാഹ്മണരെയും സ്ത്രീകളെയും ബഹുമാനിക്കണമെന്നും പറഞ്ഞതായി സൈനി വിശദീകരിച്ചു. അബദ്ധം പിണഞ്ഞ സൈനിക്കെതിരെ നിരവധി പേരാണ് രംഗത്തുവന്നത്. 

യഥാര്‍ഥത്തില്‍ ഹുമയൂണിന്റെ പിതാവാണ് ഇന്ത്യയിലെ ആദ്യ മുഗള്‍ ഭരണാധികാരിയായ ബാബര്‍. 1531ലാണ് ബാബര്‍ മരിച്ചത്. ഹുമയൂണ്‍ 1556ലും. ബാബറിനെ ഹുമയൂണിന്റെ മകനാക്കി ചിത്രീകരിച്ച് ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു രാജ്യസഭാംഗം കൂടിയായ സൈനി എന്ന് ഒരു വിഭാഗം ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ അബദ്ധം സംഭവിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

പശുവിനെ കടത്തിയെന്ന പേരില്‍ ജനക്കൂട്ടം ആളുകളെ തല്ലിക്കൊന്നെന്ന വാര്‍ത്ത വര്‍ധിക്കുന്നതിനു പിന്നാലെ ആള്‍ക്കൂട്ട മര്‍ദനം തടയാനുള്ള പരിഹാരമാര്‍ഗങ്ങളെന്നപേരില്‍ ബിജെപി നേതാക്കള്‍ നടത്തിയ പ്രസ്താവനങ്ങള്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പശുവിനെ ആരാധിക്കണമെന്ന സന്ദേശം നല്‍കാന്‍ സൈനി നടത്തിയ പ്രസ്താവന വിവാദത്തില്‍ കലാശിച്ചത്.
 

TAGS
BJP