പരിശോധിക്കാതെ മരുന്ന് നല്‍കിയാല്‍ ഇനി ഡോക്ടര്‍ കുടുങ്ങും; മനഃപൂര്‍വ്വമായ അനാസ്ഥയ്ക്ക് കേസെടുക്കാമെന്ന്  ബോംബൈ ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2018 10:39 AM  |  

Last Updated: 27th July 2018 10:40 AM  |   A+A-   |  

മുംബൈ: മതിയായ പരിശോധനകള്‍ നടത്താതെ രോഗിക്ക് മരുന്ന് നല്‍കിയാല്‍ ഡോക്ടര്‍ക്കെതിരെ മനഃപൂര്‍വ്വമായ അനാസ്ഥയ്ക്ക് കേസെടുക്കാമെന്ന്  ബോംബൈ ഹൈക്കോടതി. രോഗിയെ നേരിട്ട് കണ്ട് പരിശോധനകള്‍ നടത്താതെ ഫോണിലൂടെ നിര്‍ദ്ദേശിച്ച മരുന്നില്‍ പിഴവ് സംഭവിച്ചതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരായ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് മുംബൈ സ്വദേശിനിയായ യുവതിയാണ് പ്രസവത്തിന് രണ്ട് ദിവസത്തിന് ശേഷം മരിച്ചത്.

രത്‌നഗിരി സ്വദേശികളായ ഡോക്ടര്‍ ദീപയ്ക്കും ഡോക്ടര്‍ സഞ്ജീവ് പവാസ്‌കറിനുമെതിരെയായിരുന്നു കേസ്. ഇവര്‍ നടത്തുന്ന സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി ഫെബ്രുവരി മാസം മുംബൈ സ്വദേശിനിയായ യുവതിയെ പ്രവേശിപ്പിച്ചു. പ്രസവത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞ് ഇവര്‍ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. വീട്ടിലെത്തിയ ശേഷം യുവതിയുടെ ആരോഗ്യനില വഷളാവുകയും ഇവര്‍ ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുകയുമായിരുന്നു. മെഡിക്കല്‍ ഷോപ്പിലെ കെമിസ്റ്റിനോട് യുവതിക്ക് നല്‍കാനുള്ള മരുന്ന് ഫോണിലൂടെയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇത് കഴിച്ചിട്ടും യുവതിയുടെ നില മെച്ചപ്പെടാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം ഇവിടെ ഡോക്ടര്‍മാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. മതിയായ പരിശോധനകള്‍ നടത്താതെ ഇവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് യുവതിയെ മാറ്റുകയായിരുന്നു.

വൈദ്യസഹായം നല്‍കുന്നതില്‍ വന്ന കാലതാമസത്തെ തുടര്‍ന്ന് യുവതിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു  മെഡിക്കല്‍ റിപ്പോര്‍ട്ട്‌.
ഡോക്ടര്‍മാരുടെ അശ്രദ്ധയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് രണ്ടാമതെ പരിശോധിച്ച ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പവാസ്‌കര്‍ ദമ്പതിമാര്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയത്.

ഗുരുതരാവസ്ഥയില്‍ ഒരു രോഗിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ ആരും ഇല്ലാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. ഐപിസി 304 അനുസരിച്ച് മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ്, ഡോക്ടര്‍ ദമ്പതികള്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. രോഗം നിര്‍ണയിക്കുന്നതില്‍ വീഴ്ച വന്നാല്‍ മനഃപൂര്‍വ്വമല്ലെന്ന് കരുതാമെന്നും എന്നാല്‍ പരിശോധിക്കുക പോലും ചെയ്യാതെ മരുന്ന് നല്‍കുന്നത് മനഃപൂര്‍വ്വമായ അവഗണനയുടെ പരിധിയില്‍ വരുമെന്നും കോടതി വ്യക്തമാക്കി. ഡോക്ടര്‍ അദ്ദേഹത്തിന്റെ കടമ ചെയ്യാതിരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണ്.ഇതിലെ ധാര്‍മ്മിക വശം കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ക്ക് വേണ്ടി നിയമങ്ങളെ ലഘൂകരിക്കാന്‍ കോടതിക്ക് കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ജാദവ് പറഞ്ഞു.

 ഡോക്ടര്‍മാര്‍ നല്‍കാമെന്നേറ്റ നഷ്ടപരിഹാരത്തുക കൊണ്ട് കുട്ടിക്ക് അതിന്റെ അമ്മയെയോ, ഭര്‍ത്താവിന് അയാളുടെ നഷ്ടപ്പെട്ട ഭാര്യയെയോ തിരികെ നല്‍കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. വളരെ പരിപാവനമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ പോലും താഴ്ത്തിക്കെട്ടുന്നതാണ് ഇത്തരം ചെയ്തികളെന്നും വൈദ്യശാസ്ത്രത്തിന്റെ അന്തസ്സ് പരിരക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണെന്നും കോടതി ഇവരുടെ മുന്‍കൂര്‍
ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വിധിച്ചു.