ഇവിടെ ഭാര്യയെ വില്‍ക്കുന്നു, ഒരു സ്ത്രീ വില്‍ക്കപ്പെടുന്നത് നിരവധി തവണ: കടുത്ത അവകാശലംഘനം നടക്കുന്നത് ഇന്ത്യയില്‍ തന്നെ

മനുഷ്യക്കച്ചവടത്തിനെതിരെയും അടിമത്തത്തിനെതിരെയും എത്ര ശബ്ദമുയര്‍ത്തിയിട്ടും ഇന്ത്യയില്‍ ഇത് മൗനമായി നടപ്പിലാക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും.
ഇവിടെ ഭാര്യയെ വില്‍ക്കുന്നു, ഒരു സ്ത്രീ വില്‍ക്കപ്പെടുന്നത് നിരവധി തവണ: കടുത്ത അവകാശലംഘനം നടക്കുന്നത് ഇന്ത്യയില്‍ തന്നെ

ചണ്ഡീഗഡ്: മനുഷ്യക്കച്ചവടത്തിനെതിരെയും അടിമത്തത്തിനെതിരെയും എത്ര ശബ്ദമുയര്‍ത്തിയിട്ടും ഇന്ത്യയില്‍ ഇത് മൗനമായി നടപ്പിലാക്കുന്നു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാകും. പക്ഷേ ഹരിയാനയില്‍ സ്ത്രീകള്‍ ഇന്നും കടുത്ത അവകാശ ലംഘനത്തിനാണ് ഇരയായിക്കൊണ്ടിരിക്കുന്നത്. പരിയാനയില്‍ വില്‍പ്പനച്ചരക്കായി മാറുന്ന സ്ത്രീകള്‍ക്ക് പ്രത്യേകം പേരു തന്നെയുണ്ട്, 'പറോ'. 'വില കൊടുത്തു വാങ്ങുന്നവര്‍' എന്ന് അര്‍ഥം വരുന്നതാണ് 'പാറോ' എന്ന വാക്ക്.

പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളുടെ ജനസംഖ്യ വളരെ കുറവുള്ള ഹരിയാനയില്‍ ബംഗാള്‍, അസം, ഒഡീഷ, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു സ്ത്രീകളെ വിലകൊടുത്തു വാങ്ങുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ രീതി ഇന്നും നിലനില്‍ക്കുന്നു. മികച്ച ജീവിതമെന്ന മോഹവുമായി ഇവിടെയെത്തുന്ന പെണ്‍കുട്ടികള്‍ക്കു പക്ഷേ ഭര്‍ത്താവെന്നു പോലും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത പുരുഷന്മാരുടെ അടിമകളായി കഴിയാനാണു യോഗം. പലരെയും ഔദ്യോഗികമായി വിവാഹം പോലും ചെയ്യാറില്ല.

ഈ മനുഷ്യ കച്ചവടം ഏതെങ്കിലും വിശ്വാസത്തിന്റെയോ ആചാരത്തിന്റെയോ പേരിലല്ല. മറിച്ച് കടുത്ത വര്‍ഗീയതയുടെയും വര്‍ണവിവേചനത്തിന്റെയും പേരിലാണ്. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ സ്ത്രീയുടെയും വില നിശ്ചയിക്കുന്നത്. ഓരോ തവണ വില്‍ക്കുമ്പോഴും വിലയില്‍ മാറ്റം വരും. പത്തു തവണ വരെ വില്‍പനയ്ക്ക് ഇരയായവരുണ്ട്.

സ്വന്തം ശരീരത്തോടൊപ്പം തങ്ങളുടെ സ്വപ്നങ്ങളും, സ്വാതന്ത്ര്യവുമാണ് ഓരോ സ്ത്രീയും 'ഉടമസ്ഥന്' അടിയറവു വയ്ക്കുന്നത്. സ്വന്തം മാതാപിതാക്കളെ പോലും കാണാനുള്ള അനുവാദം ഇവര്‍ക്കില്ല. ഈ 21ാം നൂറ്റാണ്ടിലും ഇതുപോലുള്ള പ്രാകൃത രീതികള്‍ പിന്തുടരുന്ന ഇന്ത്യ, സ്ത്രീകള്‍ക്ക് ഏറ്റവും അരക്ഷിതമായ രാജ്യമാണെന്നു പറയുന്ന റിപ്പോര്‍ട്ടുകള്‍ അദ്ഭുതപ്പെടുത്തുന്നവയല്ലെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.

ഔദ്യോഗികമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും നൂറു കണക്കിനു 'പാറോ'മാരാണു ഹരിയാനയിലെ വിവിധ ഭാഗങ്ങളിലുള്ളത്. നാഷനല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2016ല്‍ 8132 മനുഷ്യക്കടത്തു കേസുകളാണ് ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 58% കേസുകളിലും 18 വയസ്സില്‍ താഴെയുള്ളവരെയാണ് കടത്തിക്കൊണ്ടു പോയിരിക്കുന്നത്. എന്നാല്‍ 'പാറോ' പോലുള്ള അനധികൃത 'കച്ചവടങ്ങളില്‍' കൂടി എത്ര സ്ത്രീകളെയാണ് വര്‍ഷം തോറും വിവിധ സംസ്ഥാനങ്ങളില്‍ നിന്നു കടത്തുന്നതെന്ന് ഇന്നും വ്യക്തമല്ല.

ഈ അനീതിക്കെതിരെ പോരാടുന്ന ചുരുക്കം ചില സ്ത്രീകളുടെ കഥയും ഹരിയാനയ്ക്കു പറയാനുണ്ട്. ഹൈദരാബാദ് സ്വദേശിയായ ഗൗസിയ ഖാന്‍ എന്ന 59കാരി ഒരിക്കല്‍ ഒരു 'പാറോ' ആയി ഹരിയാനയില്‍ എത്തിയതാണ്. ഇന്ന് ഇവര്‍ ഈ പ്രാകൃത സമ്പ്രദായത്തിനെതിരെ ശക്തമായി പോരാടുന്ന വ്യക്തികളിലൊരാളാണ് ഗൗസിയ. ആദ്യ ഭര്‍ത്താവ് മരിച്ചതിനു ശേഷം ഭര്‍തൃ വീട്ടുകാര്‍ നിരവധി തവണ വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഗൗസിയയുടെ നിശ്ചയദാര്‍ഢ്യത്തെ ജയിക്കാന്‍ അവര്‍ക്കായില്ല. ഇപ്പോള്‍ ജില്ലാ നിയമ സമിതിയുടെ ഭാഗമായി നിന്നുകൊണ്ട് കച്ചവട കെണിയില്‍ അകപ്പെടുന്ന അനേകം സ്ത്രീകളെ രക്ഷിക്കാന്‍ ഗൗസിയക്കു സാധിക്കുന്നു. എങ്കിലും ശക്തമായ നിയമനിര്‍മാണത്തിലൂടെ മാത്രമെ ഇതിനെ പൂര്‍ണമായും തുടച്ചു നീക്കാന്‍ സാധിക്കുകയുള്ളുവെന്നു ഗൗസിയ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com