ഡല്‍ഹിയില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചത് എട്ടുദിവസം പട്ടിണികിടന്ന്; ഭക്ഷണം യാചിച്ച് അമ്മ തളര്‍ന്നുവീണു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 27th July 2018 07:09 AM  |  

Last Updated: 27th July 2018 07:09 AM  |   A+A-   |  

 


ന്യൂഡല്‍ഹി: ദുരൂഹസാഹചര്യത്തില്‍ ഡല്‍ഹിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മൂന്നു കുഞ്ഞുസഹോദരിമാര്‍ ഭക്ഷണം കഴിച്ചിട്ട് എട്ടുദിവസമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവലിയിലാണ് രണ്ടും നാലും എട്ടും വയസ്സുള്ള പെണ്‍കുട്ടികള്‍ മരിച്ചത്. ചൊവ്വാഴ്ച അവശനിലയിലായ പെണ്‍കുട്ടികളെ അമ്മയും സുഹൃത്തും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുട്ടികള്‍ മരിച്ചതെങ്ങനെയെന്ന് ചോദിച്ച പൊലീസുകാരോട് കുറച്ചു ആഹാരം തരുമോയെന്ന് ചോദിച്ച് അമ്മ തളര്‍ന്നുവീണു. കുട്ടികള്‍ പട്ടിണിമൂലമാണ് മരിച്ചതെന്ന് പ്രാഥമിക പരിശോധനയ്ക്കുശേഷം ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹ പരിശോധനാറിപ്പോര്‍ട്ടും ഇക്കാര്യം സ്ഥിരീകരിച്ചു.കുട്ടികളുടെ വയറ്റില്‍ ഒന്നുമില്ലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പോഷകാഹാരക്കുറവുമൂലമാണ് കുട്ടികള്‍ മരിച്ചതെന്ന് ലാല്‍ ബഹാദുര്‍ ശാസ്ത്രി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് അമിത് സക്‌സേന പറഞ്ഞു. 

ബംഗാളില്‍നിന്നുള്ള അഞ്ചംഗ കുടുംബം കഴിഞ്ഞ ശനിയാഴ്ചയാണ് അച്ഛന്റെ സുഹൃത്തിനൊപ്പം മണ്ഡാവലിയിലെത്തിയത്. റിക്ഷവലിക്കുന്ന അച്ഛനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ലായിരുന്നു. ഇദ്ദേഹം ജോലി തേടിപ്പോയതാകാമെന്ന് കരുതുന്നു. ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊലീസ് പ്രത്യേകാന്വേഷണസംഘത്തെ ചുമതലപ്പെടുത്തി.

മരിച്ച കുട്ടികളുടെ അമ്മ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി ഇവര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് വയറിളക്കത്തിനുള്ള മരുന്ന് അടങ്ങിയ കുപ്പി കണ്ടെടുത്തു. ഇളയ രണ്ടുകുട്ടികള്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ ഛര്‍ദിയും വയറിളക്കവുമുണ്ടായിരുന്നതായി പറയുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു. മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഉത്തരവിട്ടു. കുട്ടികളുടെ അമ്മയെ വ്യാഴാഴ്ച സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് ഓഫീസില്‍ സിസോദിയ സന്ദര്‍ശിച്ചു. കുടുംബത്തിന് അടിയന്തരസഹായമായി 25,000 രൂപ അനുവദിച്ചു. അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മികച്ച ചികിത്സ ലഭ്യമാക്കുമെന്നും അച്ഛന്‍ മടങ്ങിവന്നശേഷം കൂടുതല്‍ സഹായം നല്‍കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മണ്ഡാവലി പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍, പ്രീത് വിഹാര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് എന്നിവരോട് വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മിഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം, മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.