ദൂരം 1400 കിലോമീറ്റര്‍; പാര്‍സല്‍ എത്തിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ എടുത്തത് മൂന്നര വര്‍ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th July 2018 06:21 PM  |  

Last Updated: 27th July 2018 06:21 PM  |   A+A-   |  

 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ റെയില്‍വേയുടെ വീഴ്ച മൂലം പാര്‍സല്‍ ലഭിക്കാന്‍ ഉടമസ്ഥന്‍ കാത്തിരുന്നത് മൂന്നര വര്‍ഷം. റെയില്‍വേയുടെ അനാസ്ഥ മൂലം 10ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമസ്ഥന്‍ വ്യക്തമാക്കുന്നു. റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വളം വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയ രാമചന്ദ്ര ഗുപ്ത ആവശ്യപ്പെട്ടു. 

വളം നിര്‍മ്മാണ കമ്പനിയായ ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് 2014 നവംബറില്‍ ഓര്‍ഡര്‍ അനുസരിച്ച് കംപോസ്റ്റ് വളം വിതരണം ചെയ്യുന്നതിനായി റെയില്‍വേയില്‍ ബുക്ക് ചെയ്തു. ഗുഡ്‌സ് ട്രെയിനിലെ 107462 എന്ന നമ്പറിലുളള വാഗണാണ് ഇതിനായി ബുക്ക് ചെയ്തത്. വിശാഖപട്ടണത്ത് നിന്നും ഉത്തര്‍പ്രദേശിലെ ഉടമസ്ഥന് വളം എത്തിച്ചുകൊടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ റെയില്‍വേയുടെ വീഴ്ചമൂലം മൂന്നരവര്‍ഷം കഴിഞ്ഞാണ് ചരക്ക് ഉത്തര്‍പ്രദേശില്‍ എത്തിയതെന്ന്് ഉടമസ്ഥന്‍ രാമചന്ദ്ര ഗുപ്ത ആരോപിക്കുന്നു. 

മൂന്നരവര്‍ഷം കൊണ്ട് 1400 കിലോമീറ്റര്‍ താണ്ടി ഉത്തര്‍പ്രദേശിലെ ബസ്തി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ വളം ഉടമസ്ഥന്‍ രാമചന്ദ്ര ഗുപ്ത നിരസിച്ചു. പത്തുലക്ഷം രൂപയുടെ വളം നശിച്ചതാണ് ഇതിന് കാരണമായി ഉടമസ്ഥന്‍ ചൂണ്ടിക്കാണിച്ചത്. റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നും ഉടമ ആവശ്യപ്പെട്ടു.

വളം കൃത്യസമയത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് ഉടമസ്ഥന്‍ റെയില്‍വേയ്ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊതുഗതാഗത സംവിധാനമായ റെയില്‍വേയ്ക്ക് വാഗണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ വര്‍ഷങ്ങളോളം റെയില്‍വേയുടെ ശ്രദ്ധയില്‍പ്പെടാതെ  വാഗണ്‍ വിവിധ സ്റ്റേഷനുകളിലുടെ കടന്നുപോയി. നിലവില്‍ ഉടമസ്ഥന്‍ വളം വേണ്ടായെന്ന നിലപാട് എടുത്തതോടെ വാഗണ്‍ ഉത്തര്‍പ്രദേശിലെ ബസ്തി റെയില്‍വേ സ്റ്റേഷനില്‍ കിടക്കുകയാണ്. അതേസമയം ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന് ഓര്‍ഡര്‍ നല്‍കിയ വ്യക്തി ഇതുവരെ വളം അന്വേഷിച്ച് തങ്ങളെ സമീപിച്ചിട്ടില്ലെന്ന് റെയില്‍വേ വിശദീകരിക്കുന്നു.