പത്തൊന്‍പതുകാരിക്കൊപ്പം അശ്ലീല ചിത്രങ്ങള്‍; ബിജെപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

മണ്ഡലത്തിലെ പത്തൊന്‍പതുകാരിയായ യുവതിയുമായുള്ള അവിഹിത ബന്ധം ആരോപിച്ചാണ് ബിജെപി ഗഗന്‍ ഭഗത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്
പത്തൊന്‍പതുകാരിക്കൊപ്പം അശ്ലീല ചിത്രങ്ങള്‍; ബിജെപി എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

ശ്രീനഗര്‍: സൈനികന്റെ മകളെ തട്ടിക്കൊണ്ടുപോയ ജമ്മുകശ്മീരിലെ ആര്‍എസ്പുരയിലെ ബിജെപി എംഎല്‍എയ്‌ക്കെതിരെ അച്ചടക്ക നടപടി. മണ്ഡലത്തിലെ പത്തൊന്‍പതുകാരിയുമായുള്ള അവിഹിത ബന്ധം ആരോപിച്ചാണ് ബിജെപി ഗഗന്‍ ഭഗത്തിനെതിരെ നടപടിക്കൊരുങ്ങുന്നത്. ഗഗന്‍ ഭഗത്തും യുവതിയും തമ്മിലുള്ള അശ്ലീല ചിത്രങ്ങള്‍ ഏറെ വിവാദമായിരുന്നു. പഞ്ചാബിലെ ദേശ് ഭഗത് സര്‍വകലാശാലയില്‍ ആയുര്‍വേദിക് മെഡിസിന്‍ ആന്‍ഡ് സര്‍ജറി ബിരുദ (ബിഎഎംഎസ്) വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി

ഗഗനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന് അച്ചടക്കസമിതി റിപ്പോര്‍ട്ട് നല്‍കിയത്. മൂന്നു മാസത്തേക്കു പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യണമെന്നാണു ശുപാര്‍ശ. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍നിന്നു മാറ്റണമെന്നും നിര്‍ദേശമുണ്ട്

യുവതിയെ എംഎല്‍എ തട്ടിക്കൊണ്ടുപോയെന്ന് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിന്റെ ദുര്‍നടപ്പിനെതിരെ ഗഗന്‍ ഭഗത്തിന്റെ ഭാര്യ  മോണിക ശര്‍മ്മയും പാര്‍ട്ടിയില്‍ പരാതി നല്‍കി. ബിജെപി കേന്ദ്ര നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉള്‍പ്പെടെയായിരുന്നു മോണിക്ക പരാതി നല്‍കിയത്.എന്നാല്‍ എംഎല്‍എയും യുവതിയും ആരോപണങ്ങള്‍ നിഷേധിച്ചു. ഇത് എംഎല്‍എയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്ന് ആരോപിച്ചു. പന്ത്രണ്ടാം ക്ലാസ് പോലും പാസ്സാകാത്ത ഒരാളെക്കൊണ്ടു തന്നെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചു വീടു വിട്ടതാണെന്നായിരുന്നു പെണ്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പിഡിപി അനുഭാവികളാണ് വീട്ടുകാര്‍. അതിനാലാണു ബിജെപി എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു.

താനും ഭാര്യയും വിവാഹമോചനക്കേസ് ഫയല്‍ചെയ്തിരിക്കുകയാണെന്നും ഗഗന്‍ പറയുന്നു. മകളെ തട്ടിക്കൊണ്ടുപോയ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമടക്കമുള്ളവര്‍ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തുടര്‍ന്ന് വിഷയം പരിഗണിച്ച പാര്‍ട്ടി അച്ചടക്കസമിതി ഗഗനെ അടിയന്തരമായി മൂന്നു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന അധ്യക്ഷനോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. സസ്‌പെന്‍ഷന്‍ കാലയളനില്‍ സത്യാവസ്ഥ തെളിയിക്കണമെന്നും നിര്‍ദേശമുണ്ട്. അച്ചടക്കനടപടിക്ക് ഭഗത് വിധേയനാവുകയാണെങ്കില്‍ പാര്‍ട്ടി തലത്തില്‍ അദ്ദേഹത്തിന് അപ്പീല്‍ നല്‍കാനുള്ള അവസരവും നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com