അമിത് ഷായ്ക്ക് നേരെ കരിങ്കൊടി; വിദ്യാര്‍ത്ഥിനിയെ മുടിയില്‍ കുത്തി വലിച്ചിഴച്ച് പൊലീസ്(വീഡിയോ)

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 28th July 2018 02:38 PM  |  

Last Updated: 28th July 2018 02:39 PM  |   A+A-   |  

 

അലഹബാദ്: ബിജൈപി അധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ച രണ്ട് വിദ്യാര്‍ത്ഥിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ഓഫീസര്‍മാരില്ലാതെ പൊലീസുകാര്‍ ഒരുപെണ്‍കുട്ടിയെ മുടിക്ക് പിടിച്ച് വലിച്ച് ജീപ്പില്‍ കയറ്റുന്ന വീഡിയോ പുറത്തുവന്നു. പെണ്‍കുട്ടിയെ പൊലീസുകാരന്‍ വടിയുപയോഗിച്ച് തല്ലുന്നതും ദൃശ്യങ്ങളില്‍ കാണാം. 

അമിത് ഷായുടെ വാഹനവ്യൂഹനത്തിന് അകടമ്പടി പോകുന്ന പൊലീസ് ജീപ്പിന് മുന്നിലേക്ക് ചാടിയിറങ്ങിയപ്പോഴാണ് പെണ്‍കുട്ടിയെ പൊലീസുകാര്‍ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിയത്. 

സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിലെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഒരു വിദ്യാര്‍ത്ഥിയെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ നേഹാ യാദവ്, പിജി വിദ്യാര്‍ത്ഥികളായ രമാ യാദവ്,കിഷന്‍ മൗര്യ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥികളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

വിദ്യാര്‍ത്ഥികള്‍ സമാധാനപരമായാണ് സമരം നടത്തിയതെന്നും പൊലീസ് മനുഷ്യത്വരഹിതമായി പെരുമാറിയെന്നും സമാജ്‌വാദി പാര്‍ട്ടി നേതാവ് റിച്ച സിങ് പറഞ്ഞു.