'ഗംഗാജലം ആരോഗ്യത്തിന് ഹാനികരം'; തീരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2018 10:23 AM  |  

Last Updated: 28th July 2018 10:23 AM  |   A+A-   |  

ന്യൂഡല്‍ഹി: ഗംഗാജലം ആരോഗ്യത്തിന് ഹാനികരമെന്ന ബോര്‍ഡ് തീരങ്ങളില്‍ സ്ഥാപിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യുണല്‍. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന് സിഗരറ്റ് പാക്കറ്റില്‍ എഴുതി വച്ചിരിക്കുന്നത്  പോലെ ഗംഗയില്‍ കുളിക്കുന്നതും ഗംഗാജലം കുടിക്കുന്നതും ആരോഗ്യത്തിന് ഹാനികരമെന്ന് മുന്നറിയിപ്പ് നല്‍കണമെന്നാണ് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം.ചെയര്‍മാന്‍ ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ബഞ്ചാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. നദിയൊഴുകുന്ന വഴിയില്‍ ഓരോ നൂറ് മീറ്ററിലും ഈ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് ദേശീയ ശുചിത്വ ഗംഗാ മിഷനോടാണ് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഗംഗാ നദി ഹരിദ്വാറിനും ഉന്നാവോയ്ക്കുമിടയില്‍ ഒഴുകുന്ന ഭാഗത്ത് മലിനീകരണം പരിധിയിലും വളരെക്കൂടുതലാണെന്നും കുടിക്കാനോ കുളിക്കാനോ അനുയോജ്യമല്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. തീര്‍ത്ഥാടനത്തിനും അല്ലാതെയുമായി എത്തുന്നവര്‍ ഗംഗാനദിയിലെ വെള്ളത്തില്‍ കുളിക്കുകയും അത് പുണ്യജലമായി കുടിക്കുകയും ചെയ്യുന്നത് ഈ മലിനീകരണത്തെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ്. ചര്‍മ്മരോഗങ്ങളും മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ പോന്നത്രയും മലിനമാണ് ഗംഗയില്‍ ഇപ്പോള്‍ ഒഴുകുന്ന വെള്ളമെന്നും ജസ്റ്റിസ് എ കെ ഗോയല്‍ വ്യക്തമാക്കി.

ഗംഗയില്‍ മലിനീകരണം ഇല്ലാത്ത സ്ഥലം കണ്ടെത്തണമെന്നും കുടിക്കാനും കുളിക്കാനും തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥലം കണ്ടെത്തണമെന്നും അത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും ദേശീയ ശുചിത്വ ഗംഗാ മിഷനോടും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു.