മുഖ്യമന്ത്രിക്ക് മുന്നില്‍ മുട്ടുകുത്തി താണു വണങ്ങി അനുഗ്രഹം തേടി പൊലീസ് ഓഫീസര്‍ ; ചിത്രം വൈറലാകുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2018 11:08 AM  |  

Last Updated: 28th July 2018 11:08 AM  |   A+A-   |  

ലക്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നില്‍ മുട്ടുകുത്തി താണു വണങ്ങി അനുഗ്രഹം തേടുന്ന പൊലീസ് ഓഫീസറുടെ ചിത്രം വൈറലാകുന്നു. ഗോരഖ് നാഥിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ പ്രവീണ്‍കുമാറാണ് യൂണിഫോമില്‍ മുട്ടുകുത്തിയും മുഖ്യമന്ത്രിയെ തിലകം ചാര്‍ത്തിയും പൂമാല അണിയിച്ചും വണങ്ങിയത്. ഗുരുപൂര്‍ണിമ ദിനമായ ഇന്നലെ യുപിയിലെ ഗോരഖ് നാഥ് ക്ഷേത്രത്തില്‍ എത്തിയാണ് ഇദ്ദേഹം യോഗിയെ കണ്ടത്. 

പ്രവീണ്‍ കുമാര്‍ തന്നെയാണ് ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തൊഴുത് യോഗിയുടെ അനുഗ്രഹം തേടുന്നത്, യോഗിയുടെ നെറ്റിയില്‍ തിലകം ചാര്‍ത്തുന്നത്, പൂമാല അണിയിക്കുന്നത് തുടങ്ങിയ ചിത്രങ്ങളാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി കൂടിയായ യോഗി ആദിത്യനാഥിന്റെ അനുഗ്രഹം തേടിയാണ് താന്‍ ദര്‍ശനം നടത്തിയതെന്ന് പ്രവീണ്‍ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, പൊലീസ് യൂണിഫോമില്‍ യോഗിക്ക് മുന്നില്‍ മുട്ടുകുത്തി അനുഗ്രഹം തേടിയ നടപടിക്കെതിരെ വിമര്‍ശനം ശക്തമായിട്ടുണ്ട്. യൂണിഫോമില്‍ ഇത് അനുവദനീയമാണോ എന്നാണ് ചോദ്യം ഉയരുന്നത്. മതാചാരങ്ങള്‍ അനുഷ്ടിക്കുമ്പോള്‍ യൂണിഫോം അഴിച്ചുവെക്കണമായിരുന്നു എന്നും അഭിപ്രായം ഉയരുന്നു.