ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടര്‍ന്നാല്‍ ഇന്ത്യ വീണ്ടും വിഭജിക്കും: മുന്നറിയിപ്പുമായി പിഡിപി നേതാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2018 04:34 AM  |  

Last Updated: 29th July 2018 04:34 AM  |   A+A-   |  

മുസാഫര്‍ ഹുസൈന്‍ ബെയ്ഗ്

 

ശ്രീനഗര്‍: ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെങ്കില്‍ രാജ്യം വീണ്ടും വിഭജനത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി(പിഡിപി) നേതാവും കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫര്‍ ഹുസൈന്‍ ബെയ്ഗ്. ശ്രീനഗറില്‍ പിഡിപി റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'കന്നുകാലികളുടെ പേരില്‍ രാജ്യത്തെ മുസ്‌ലിങ്ങളെ കൊല്ലുന്നത് നിര്‍ത്തുന്നതാണ് നല്ലത്. അല്ലാത്ത പക്ഷം 1947 ലെ വിഭജനം ആവര്‍ത്തിക്കും.'- ബെയ്ഗ് പറഞ്ഞു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകളെ വളച്ചൊടിച്ചാതാണെന്ന വിശദീകരണവുമായി ബെയ്ഗ് രംഗത്തെത്തി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ സമൂഹം രണ്ടായി തിരിയുമെന്നാണ് താന്‍ പറഞ്ഞതെന്നായിരുന്നു ബെയ്ഗിന്റെ വിശദീകരണം.

വൈകാരികമായി ചില വിഭാഗം ജനങ്ങള്‍ രണ്ട് തട്ടിലാകുമെന്നും അത് രാജ്യത്തിന് ദോഷമാകുമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്നും ബെയ്ഗ് പറഞ്ഞു. ഈ സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയ്ക്ക് മാത്രമെ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.