ബലാത്സംഗക്കേസുകള്‍: 1023 അതിവേഗ കോടതികള്‍ വേണമെന്ന് നിയമമന്ത്രാലയം

By സമകാലികമലയാളം ഡെസ്‌ക്   |   Published: 29th July 2018 07:52 PM  |  

Last Updated: 29th July 2018 07:52 PM  |   A+A-   |  

rape

 

ന്യൂഡല്‍ഹി: കുട്ടികള്‍ക്കും സത്രീകള്‍ക്കും എതിരായ ലൈംഗിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്നതിന് രാജ്യത്ത് 1023 പ്രത്യേക അതിവേഗ കോടതികള്‍ വേണമെന്ന് കേന്ദ്ര നിയമ മന്ത്രാലയം. കേസുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിനും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ കോടതികള്‍ക്ക് രൂപം നല്‍കുന്നത്.

പ്രത്യേക കോടതികള്‍ രാജ്യത്തുടനീളം സ്ഥാപിക്കുന്നതിനായി 767.25 കോടി രൂപയാണ് നിയമ മന്ത്രാലയം ചെലവ് കണക്കാക്കുന്നത്. ഇതില്‍ 474 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. പോക്‌സോ കേസുകളടക്കം ഈ കോടതികളിലാകും പരിഗണിക്കുക. പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമമന്ത്രാലയം കൈമാറിയിട്ടുണ്ട്.

12 വയസിന് താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് അടുത്തിടെ അവതരിപ്പിച്ച ഓര്‍ഡിനന്‍സിന്റെ ഭാഗമാണ് പുതുതായി തയ്യാറാക്കുന്ന പ്രത്യേക കോടതികള്‍. സ്ത്രീകള്‍, പട്ടിക ജാതിവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയരുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനായി നിലവില്‍ രാജ്യത്ത് 524 അതിവേഗ കോടതികള്‍ ഉണ്ടെന്ന് മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന വിധം പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ ഈവര്‍ഷം ഏപ്രിലില്‍ അംഗീകാരം നല്‍കിയിരുന്നു. ജമ്മു കശ്മീരിലെ കഠുവ , ഗുജറാത്തിലെ സൂറത്ത്, ഉത്തര്‍പ്രദേശിലെ ഉന്നാവ് എന്നിവിടങ്ങളില്‍ നടന്ന ബലാത്സംഗം കേസുകളെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നടപടി