മോദി രാജ്യത്തിന് അനുയോജ്യനായ നേതാവ് ; അഞ്ചു വര്‍ഷം കൂടി ഭരിക്കട്ടെയെന്ന് കങ്കണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2018 03:18 PM  |  

Last Updated: 29th July 2018 03:18 PM  |   A+A-   |  

ന്യൂഡല്‍ഹി: നരേന്ദ്രമോദി രാജ്യത്തിന് അനുയോജ്യനായ  പ്രധാനമന്ത്രിയാണെന്നും അഞ്ച് വര്‍ഷം കൂടി ഭരിക്കാന്‍ സാധിക്കുമെന്നും ബോളിവുഡ് താരം കങ്കണ. മാതാപിതാക്കളുടെ പിന്തുണയില്ലാതെ സ്വന്തം പ്രയത്‌നം കൊണ്ടാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയത്. ഇപ്പോള്‍ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന്റെ പ്രാപ്തനാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണത്തില്‍ താന്‍ സന്തുഷ്ടയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മോദിയുടെ പഴയകാല ജീവിതം ചിത്രീകരിച്ച ഷോര്‍ട്ട്ഫിലിമായ ' ചലോ ജീത്തേ ഹൈ' യുടെ പ്രദര്‍ശനത്തിന് ശേഷമാണ് അവര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ജീവിതത്തിലെ ദുര്‍ഘടാവസ്ഥകളെ മോദി എങ്ങനെയാണ് അതിജീവിച്ചതെന്ന് ചിത്രത്തിലുണ്ട്. ഇത് രാജ്യം ഒന്നിച്ച് നിന്ന് ഉയര്‍ച്ച നേടുകയാണ് വേണ്ടത്. രാജ്യം ഇപ്പോള്‍ ഒരു കുഴിയിലാണ് . ഇവിടെ നിന്നും കരകയറ്റാന്‍ മോദിയുടെ നേതൃത്വം ആവശ്യമാണ് എന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മുന്‍പും മോദിയെ പിന്തുണച്ച് കങ്കണ രംഗത്ത് വന്നിരുന്നു. മോദിയുടെ വലിയ ആരാധികയാണ് താന്‍ എന്നാണ് അന്ന് കങ്കണ പറഞ്ഞത്. കഴിഞ്ഞയാഴ്ചയാദ്യം ഹിന്ദി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രാജ്യം ആവശ്യപ്പെടുന്ന കാലത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതില്‍ എതിര്‍പ്പില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ രാഷ്ട്രീയത്തെ കുറിച്ച് വലിയ ധാരണകള്‍ ഇല്ലെന്നും അങ്ങനെയൊരു സമയം വരുമ്പോള്‍ അത്തരം തീരുമാനം കൈക്കൊള്ളുമെന്നും കങ്കണ പറഞ്ഞിരുന്നു.