വളവുമായി പുറപ്പെട്ട ആ ചരക്കുവണ്ടി എവിടെയായിരുന്നു?: വിശാഖപട്ടണത്തു നിന്നും അയച്ച വളം യുപിയിലെത്തിയത് നാല് വര്‍ഷം കൊണ്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2018 03:52 AM  |  

Last Updated: 29th July 2018 03:52 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

രക്കുസാധനങ്ങളും മറ്റുമെല്ലാം ട്രെയിന്‍ ഗതാഗതം വഴി അയയ്ക്കുന്നത് പെട്ടെന്നെത്താന്‍ കൂടിയാണ്. എന്നാല്‍ പതിവിന് വിപരീതമായി ഏറെ വൈകിയാണ് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട ഒരു വാഗണ്‍ ഉത്തര്‍പ്രദേശിലെത്തിയത്. 1326 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച്  ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്ന് ഉത്തര്‍ പ്രദേശിലെ ബസ്തിയിലെത്താനാണ് വളം നിറച്ച വാഗണ്‍ നാലുവര്‍ഷം എടുത്തത്. 

1316 ചാക്ക് ഡൈ അമോണിയം ഫോസ്‌ഫേറ്റ് എത്തിക്കാന്‍ 2014 നവംബര്‍ പത്തിനാണ് വിശാഖപട്ടണത്തുനിന്ന് വാഗണ്‍ ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ വളവുമായുള്ള വാഗണ്‍  ഉത്തര്‍ പ്രദേശിലെ ബസ്തിയിലെത്തിയത് ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 3.30ഓടെയാണ്. പതിനാലു ലക്ഷത്തോളം വിലവരുന്ന വളമായിരുന്നു ഇതിലുണ്ടായിരുന്നത്. സാധാരണയായി 42 മണിക്കൂര്‍ 13 മിനുട്ടാണ് ഈ ദൂരം സഞ്ചരിക്കാന്‍ ആവശ്യമായി വരാറുള്ളത്.

വടക്കു കിഴക്കന്‍ റെയില്‍വേ മേഖലയുടെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ സഞ്ജയ് യാദവിന്റെ ഇതേക്കുറിച്ചുള്ള പ്രതികരണം ഇങ്ങനെ: 'ചിലപ്പോഴൊക്കെ ചില വാഗണുകള്‍ അല്ലെങ്കില്‍ ബോഗികള്‍ ചരക്കു കൊണ്ടുപോകാന്‍ യോഗ്യമല്ലാതാകാറുണ്ട്. ഇവ യാഡിലേക്ക് അയക്കുകയാണ് പതിവ്. ഇവിടെയും ഇതാകാം സംഭവിച്ചതെന്നാണ് കരുതുന്നത്. ബസ്തിയിലെ രാമചന്ദ്ര ഗുപ്ത എന്ന വ്യാപാരിയാണ് ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ് മുഖാന്തരം 2014ല്‍ തീവണ്ടി ബുക്ക് ചെയ്തതെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കമ്പനിയുടെ വസ്തുക്കള്‍ കൊണ്ടുവരാനാണ് വാഗണ്‍ ബുക്ക് ചെയ്തതെന്നും ഇതിനായി താന്‍ പണം നല്‍കിയിട്ടില്ലെന്നും രാമചന്ദ്ര ഗുപ്ത പറഞ്ഞു. വിഷയം ഇന്ത്യന്‍ റെയില്‍വേയും കമ്പനിയും തമ്മിലുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശാഖപട്ടണത്തുനിന്ന് ബസ്തിയിലേക്ക് 2014 നവംബറില്‍ കോച്ചുകള്‍ ബുക്ക് ചെയ്തിരുന്നതായി ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ ഗോരഖ്പുറിലെ അസിസ്റ്റന്റ് മാര്‍ക്കറ്റിങ് മാനേജര്‍ ഡി കെ സക്‌സേന പറഞ്ഞു. എന്നാല്‍ വാഗണുകള്‍ എങ്ങനയോ വേര്‍പെട്ടു പോവുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധനയ്ക്കു ശേഷം ചരക്ക് സ്വീകരിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു.