കഴിയാവുന്നതുപോലെ സഹായിക്കുക, മറ്റുവഴിയില്ല;  അപേക്ഷയുമായി ഡോക്ടര്‍ കഫീല്‍ ഖാന്‍

ഞങ്ങളെ ജീവിക്കാന്‍ സഹായിക്കുക. എനിക്ക് മറ്റ് വഴികളില്ലാത്തതിനാലാണ് ഈ അപേക്ഷ
കഴിയാവുന്നതുപോലെ സഹായിക്കുക, മറ്റുവഴിയില്ല;  അപേക്ഷയുമായി ഡോക്ടര്‍ കഫീല്‍ ഖാന്‍

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ കൂട്ട ശിശുമരണ വിവാദത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ ഡോക്ടര്‍ കഫീല്‍ ഖാന്‍ ജപ്തിഭീഷണിയില്‍. 2017 ഓഗസ്റ്റിലാണ് ഉത്തര്‍പ്രദേശ് ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം മൂലം കുട്ടികള്‍ മരിച്ചത്. സെപ്റ്റംബറില്‍ കഫീല്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. 2018 ഏപ്രിലില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കുകയും നിരവധി കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുകയും ചെയ്ത് രാജ്യം മുഴുവന്‍  നായക പരിവേഷം  നേടിയിരുന്നു ഡോക്ടര്‍ കഫീല്‍ ഖാന്‍. എന്നാല്‍ അഴിമതി കേസില്‍ ഉള്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെ ജയിലില്‍ അടയ്ക്കുകയായിരുന്നു. അവിടെയും കഫീല്‍ ഖാന്റെ ദുരിതം അവസാനിച്ചില്ല. കഴിഞ്ഞ ജൂണില്‍ കഫീല്‍ ഖാന്റെ ഇളയ സഹോദരന്‍ കാഷിഫ് ഖാന്‍ വെടിയേറ്റു.  കാഷിഫ് ഖാന്റെ ചികില്‍സയ്ക്കും കഫീല്‍ ഖാന്റെ കേസിനും മറ്റുമായി എല്ലാ സ്വത്തുക്കളും വിറ്റുവെന്നും കടത്തില്‍ മുങ്ങിയാണ് കഴിയുന്നതെന്നുമാണ് ഇപ്പോള്‍ കഫീല്‍ ഖാന്‍ പറയുന്നത്. 

ലോണെടുത്താണ് കഴിഞ്ഞ മാസങ്ങളില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ജപ്തിഭീഷണിയിലാണ്. ലോണ്‍ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ല. ജോലിയില്‍ തുടരാനോ സ്വന്തമായി പ്രാക്ടീസ് നടത്താനോ അനുവദിക്കുന്നില്ലെന്നും കഫീല്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. എല്ലാവരില്‍ നിന്നും സഹായം അഭ്യര്‍ഥിക്കുന്നുമുണ്ട് ഈ ഡോക്ടര്‍. കഴിയാവുന്നതുപോലെ സഹായിക്കുക എന്നാണ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 'എനിക്ക് സഹായം നല്‍കുന്ന ഓരോ ബാങ്ക് അക്കൗണ്ടുകളും ഓര്‍ത്തു വയ്ക്കും. ഞങ്ങളെ ജീവിക്കാന്‍ സഹായിക്കുക. എനിക്ക് മറ്റ് വഴികളില്ലാത്തതിനാലാണ് ഈ അപേക്ഷ,. കഫീല്‍ ഖാന്‍ അഭ്യര്‍ത്ഥിക്കുന്നു. 
 

കേരളത്തില്‍ നിപ്പ വൈറസ് പര്‍ന്നുപിടിച്ച സമയത്ത് സേവന സന്നദ്ധത അറിയിച്ചും കഫീല്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഫീല്‍ ഖാനെ ക്ഷണിച്ചതുമാണ്, എന്നാല്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ യാത്ര തടയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com