ധൈര്യമുണ്ടെങ്കില്‍ ഒന്ന് ശ്രമിക്കൂ, ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത് ട്രായ് തലവന്റെ വെല്ലുവിളി; വാട്ട്‌സാപ്പ് ചിത്രം വരെ ചോര്‍ത്തി ഹാക്കര്‍മാര്‍

ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ പരസ്യപ്പെടുത്തൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വെല്ലുവിളിക്കാനും ആല്‍ഡര്‍സണ്‍ മറന്നില്ല.
ധൈര്യമുണ്ടെങ്കില്‍ ഒന്ന് ശ്രമിക്കൂ, ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത് ട്രായ് തലവന്റെ വെല്ലുവിളി; വാട്ട്‌സാപ്പ് ചിത്രം വരെ ചോര്‍ത്തി ഹാക്കര്‍മാര്‍

ന്യൂഡല്‍ഹി:  ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് തെളിയിക്കാന്‍ സ്വന്തം നമ്പര്‍ ട്വീറ്റ് ചെയ്ത ട്രായ് ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ്മയക്ക്‌ കിട്ടിയത് എട്ടിന്റെ പണി. നിമിഷങ്ങള്‍ക്കകം അദ്ദേഹത്തിന്റെ പാന്‍ നമ്പറും, മൊബൈല്‍ നമ്പറും  ഇ-മെയിലും എന്തിന് വാട്ട്‌സാപ്പിലെ ചിത്രം വരെ ഹാക്കര്‍മാര്‍ പുറത്തു വിട്ടു. എന്തായാലും പുലിവാല് പിടിച്ച അവസ്ഥയിലായിപ്പോയി ട്രായ് ചെയര്‍മാന്‍.

കിങ്സ്ലി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ആധാറില്‍ അത്ര വിശ്വാസമുണ്ടെങ്കില്‍ പരസ്യപ്പെടുത്തുവെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന് മറുപടിയായി ഇതാ എന്റെ ആധാര്‍ നമ്പര്‍ ധൈര്യമുണ്ടേല്‍ എനിക്ക് പ്രശ്‌നം ഉണ്ടാക്കുന്ന ഒരു ഉദാഹരണമെങ്കിലും ഇത് കൊണ്ട് കാണിക്കൂ എന്നായിരുന്നു ശര്‍മ്മയുടെ വെല്ലുവിളി. 


ഇതോടെ വൈറ്റ് ഹാറ്റ് ഹാക്കറായ റോബര്‍ട്ട് ബാപ്‌റ്റൈസ് പണി തുടങ്ങി. എലിയറ്റ് ആല്‍ഡര്‍സണ്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ശര്‍മ്മയുടെ ഫോണ്‍ നമ്പറടക്കമുള്ള വിവരങ്ങള്‍ പുറത്ത്!

തൊട്ടുപിന്നാലെ മറ്റൊരു കാര്യം കൂടി ആല്‍ഡര്‍സണ്‍ വെളിപ്പെടുത്തി, ' ശര്‍മ്മ ഈ ഫോണ്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്തിട്ടില്ല'.ശര്‍മ്മയുടെ ജനനത്തിയതിയും പേഴ്‌സണല്‍ ഫോണ്‍ നമ്പറും ഓരോന്നായി പുറത്ത് വന്നതോടെ ' ഞാന്‍ ഇവിടെ അവസാനിപ്പിക്കുകയാണ്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് നല്ലതല്ല എന്ന് ഇപ്പോഴെങ്കിലും മനസിലാക്കിയിട്ടുണ്ടാവുമല്ലോ' എന്ന് ട്വീറ്റ് ചെയ്ത് ആല്‍ഡര്‍സണ്‍ മടങ്ങി.

ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ പരസ്യപ്പെടുത്തൂ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വെല്ലുവിളിക്കാനും ആല്‍ഡര്‍സണ്‍ മറന്നില്ല.


 ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് പൗരന്റെ സ്വകാര്യതയെ ബാധിക്കില്ലെന്ന വാദഗതിക്കാരനായിരുന്നു ടെലികോം റഗുലേറ്ററി അതോറിറ്റി ചെയര്‍മാനായ ആര്‍ എസ് ശര്‍മ്മ.ഡാറ്റാ ബേസ് ഉണ്ടാക്കുന്നതിന് ആധാര്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com