ബുള്ളറ്റ് വേഗത്തില്‍ ഷിന്‍കാന്‍സെന്‍ എത്തും; സൂപ്പര്‍ ട്രെയിനില്‍ ഫീഡിങ് റൂമും കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ കോച്ചും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2018 04:23 PM  |  

Last Updated: 30th July 2018 04:23 PM  |   A+A-   |  

ന്യൂഡല്‍ഹി:  ഇതുവരെ ഒരു ട്രെയിനിലും ഇല്ലാത്ത അത്യാധുനിക സംവിധാനങ്ങളോടെയാണ് ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്‌ന പദ്ധതി നടപ്പിലാകാന്‍ പോകുന്നത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന യാത്രക്കാരെ പ്രത്യേകം പരിഗണിക്കുന്നതാകും ഷിന്‍കാന്‍സെന്‍ ഇ-5 എന്ന സൂപ്പര്‍ ബുള്ളറ്റ് ട്രെയിന്‍. സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച് ധാരണയിലെത്താന്‍ ഇതുവരെ കഴിഞ്ഞില്ലെങ്കിലും ട്രെയിനുള്ളിലെ സവിശേഷതകള്‍ റെയില്‍വേ ബ്ലൂപ്രിന്റിലൂടെ പുറത്തിറക്കിയിട്ടുണ്ട്.

മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഫീഡിങ് റൂമും, ക്ഷീണമുള്ളവര്‍ക്ക് വിശ്രമിക്കാന്‍ സിക്ക് റൂമും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം വാഷ്‌റൂമുകളുമായാണ് ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുക. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം പ്രത്യേകതകളുമായി ഒരു ട്രെയിന്‍ സര്‍വ്വീസ് നടത്താന്‍ പോകുന്നത്. ബിസിനസ് ക്ലാസില്‍ 55 സീറ്റുകളും സ്റ്റാന്‍ഡാര്‍ഡ് ക്ലാസില്‍ 695 സീറ്റുകളും ഉണ്ടാകും. വീല്‍ച്ചെയറില്‍ യാത്ര ചെയ്യുന്നവര്‍ക്കായി രണ്ട് വിശാലമായ ബാത്‌റൂമുകളും ഉള്‍പ്പെടുത്തുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. പത്ത് കോച്ചുകളാണ് ഹൈ സ്പീഡ് ട്രെയിനുള്ളത്. 

കുട്ടികളുമായി യാത്ര ചെയ്യുന്നവരുടെ സൗകര്യാര്‍ത്ഥം പ്രത്യേക കോച്ചും ട്രെയിനില്‍ ഉണ്ടാകും. ബേബി ടോയ്‌ലറ്റ് സീറ്റുകളും, ഡയപ്പറുകള്‍ നിക്ഷേപിക്കാന്‍ പ്രത്യേക സംവിധാനത്തിനും പുറമേ കുട്ടികള്‍ക്ക് കൈ കഴുകുന്നതിനായി ചെറിയ സിങ്കുകളും ഇതിലുണ്ടാവും.
ഒരുലക്ഷം കോടി രൂപയാണ് അത്യാധുനിക ജാപ്പനീസ് ബുള്ളറ്റ് ട്രെയിനായ ഷിന്‍കാന്‍സെന്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ചിലവ്. 
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം നിര്‍മ്മിക്കുന്ന ടോയ്‌ലറ്റുകളില്‍ ഒന്നിടവിട്ട കോച്ചുകളിലായാവും മൂത്രപ്പുരകള്‍ ക്രമീകരിക്കുക. 2022 ല്‍ മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.