ബൈക്കില്‍ വന്ന ദമ്പതികളെ പുളളിപ്പുലി ആക്രമിച്ചു; നാലു മാസം പ്രായമുളള പിഞ്ചുകുഞ്ഞിനെ വലിച്ചെടുത്തു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 30th July 2018 07:31 AM  |  

Last Updated: 30th July 2018 07:31 AM  |   A+A-   |  

പ്രതീകാത്മക ചിത്രം

 

വഡോദര: ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച കുടുംബത്തെ പുള്ളിപ്പുലി ആക്രമിച്ചു. ഗുജറാത്തിലെ ആദിവാസി സമൂഹം താമസിക്കുന്ന ചോഠാപൂര്‍ ഉദയ്പൂര്‍ ജില്ലയിലാണ് സംഭവം. 

ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ നാലു മാസം പ്രായമുള്ള മകനെ തട്ടിയെടുത്ത് കൊണ്ടു പോകാനുള്ള ശ്രമത്തില്‍ കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിക്രം രത്വ, ഭാര്യ സപ്ന എന്നിവരും അവരുടെ നാലു മാസം പ്രായമുള്ള മകന്‍ ആയുഷുമാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്.

ഇന്നലെ രാത്രി വണ്ടിയില്‍ വരുമ്പോള്‍ ചാടിയെത്തിയ പുള്ളിപ്പുലി സപ്നയെ പരിക്കേല്‍പ്പിച്ച ശേഷം മകനായ ആയൂഷിനെ വലിച്ചെടുത്തു കൊണ്ടുപോവുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു. തന്റെ ഉറക്കെയുള്ള നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തി. പുള്ളിപ്പുലിയെ ഭയപ്പെടുത്തിയതോടെ കുഞ്ഞിനെ ഉപേക്ഷിച്ച അത് പോവുകയായിരുന്നുവെന്നും ഭീതിയോടെ വിക്രം രത്വ പറയുന്നു.

മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ കാലിനും പിന്നിലുമെല്ലാം പരിക്കുകളേറ്റിട്ടുണ്ട്.