കരുണാനിധി സുഖംപ്രാപിക്കുന്നുവെന്ന് പളനിസ്വാമി; അണികളോട് സംയമനം പാലിക്കാന്‍ സ്റ്റാലിന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2018 11:07 AM  |  

Last Updated: 30th July 2018 11:07 AM  |   A+A-   |  

 

ചെന്നൈ: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും കാവേരി ആശുപത്രിയിലെത്തിയിട്ടുണ്ട്. 

കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് സന്ദര്‍ശനത്തിന് ശേഷം പളനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. കരുണാനിധിയുടെ മക്കളായ സ്റ്റാലിനും കനിമൊഴിക്കും ഒപ്പമാണ് പളനിസ്വാമി അദ്ദേഹത്തെ ഐസിയുവില്‍ സന്ദര്‍ശിച്ചത്. 

അതേസമയം ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ഡിഎംകെ അണികള്‍ നേരിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടു. കരുണാനിധിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിടാത്ത സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്. അണികള്‍ ംസയംമനം പാലിക്കണമെന്നും അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചുതുടങ്ങിയെന്നും ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും പൊലീസിനോട് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഡിഎംകെയിലെ എല്ലാ നേതാക്കളും സംസ്ഥാനത്തെ മറ്റുമന്ത്രിമാരും കാവേരി ആശുപത്രിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന് ശേഷം ആരോഗ്യവിവരത്തെക്കുറിച്ച് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.