മഹാഭാരത കഥയ്ക്ക് തെളിവുകള്‍? ഉത്തര്‍പ്രദേശില്‍ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തി, അതിപുരാതന രാജവംശത്തിന്റേതെന്ന് സൂചന

മഹാഭാരത കഥയ്ക്ക് തെളിവുകള്‍? ഉത്തര്‍പ്രദേശില്‍ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തി, അതിപുരാതന രാജവംശത്തിന്റേതെന്ന് സൂചന

മഹാഭാരത കഥയ്ക്ക് തെളിവുകള്‍? ഉത്തര്‍പ്രദേശില്‍ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തി, അതിപുരാത രാജവംശത്തിന്റേതെന്ന് സൂചന

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ അതിപുരാതന കാലത്തെ രാജവംശത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തി. രഥാവശിഷ്ടങ്ങള്‍, ശവപ്പെട്ടികള്‍, വാളുകള്‍ എന്നിവയാണ് സണൗലിയിലെ ഉദ്ഖനനത്തില്‍ കണ്ടെത്തിയത്. ഇത് മഹാഭാരത കാലത്തേതെന്ന വാദം ഉയര്‍ന്നിട്ടുണ്ട്.  

ബിസി 2000-1800 കാലഘട്ടത്തിലെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയതാണ് എന്നാണ് നിഗമനം. വെങ്കലയുഗത്തിലോ പൂര്‍വ ഇരുമ്പ് യുഗത്തിലോ നിലനിന്നിരുന്ന രാജവംശത്തില്‍പ്പെവരുടേതാകാം ഇതെന്ന് പുരാവസ്തു വിദഗ്ധര്‍ പറയുന്നു.  

ഗ്രീസ്, മെസപ്പെട്ടോമിയന്‍ സൈറ്റുകളില്‍ നിന്നാണ് മുന്‍പ് രഥാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഉദ്ഖനനത്തില്‍ രഥാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത് ഏഷ്യയില്‍ ആദ്യമാണ്. പിടിയോട് കൂടിയ വാളുകളാണ് ഇവിടെ കണ്ടെത്തിയിട്ടുള്ളത്. 

പുരാവസ്തു വകുപ്പിലെ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ആര്‍വിന്‍ മഞ്ജുള്‍, ഇവരുടെ ഭര്‍ത്താവും ആര്‍ക്കിയോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ സഞ്ജയ് കുമാര്‍ മഞ്ജുള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ജൂണ്‍ മാസത്തിലാണ് ഇവ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ എത്തിച്ചു.

ഭൗതികാവശിഷ്ടങ്ങളിലെ എല്ലുകളും, പല്ലുകളും ഡി.എന്‍.എ ടെസ്റ്റ് ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്കു വിധേയമാക്കും. ഇതിലൂടെ ഇവ ഇന്ത്യന്‍, ആര്യന്‍, മംഗോളിയന്‍ വിഭാഗത്തില്‍പ്പെട്ടവരുടേതാണോ എന്ന് തിരിച്ചറിയാനാവുമെന്നാണ് പ്രതീക്ഷ. ആയുധങ്ങളിലെ ലോഹത്തിന്റെ അളവ് പഠിക്കുന്നതിലൂടെ കൂടുതല്‍ വ്യക്തമായ കാലഗണന സാധ്യമാവും. 

മഹാഭാരതവുമായും കൗരവ രാജവംശത്തിലെ ഹസ്തനിപുരവുമായും പുതിയ കണ്ടെത്തലുകള്‍ക്കു ബന്ധമുണ്ടെന്ന അവകാശവാദം ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പുരാവസ്തു വിദഗ്ധര്‍ ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ പഠനത്തിനു ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയനാവൂ എന്ന് അവര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com