'ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണം' ; സായ് ബാബയായി ടിഡിപി എംപി പാര്‍ലമെന്റില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 31st July 2018 03:43 PM |
Last Updated: 31st July 2018 03:43 PM | A+A A- |

ന്യൂഡല്‍ഹി: പാദം മൂടിക്കിടക്കുന്ന കാവിക്കുപ്പായം, മുടിയും ചലനങ്ങളും ഒറ്റനോട്ടത്തില്‍ 'സായ്ബാബ' എന്ന് തോന്നിപ്പിക്കുന്ന വേഷത്തിലാണ് ടിഡിപി എംപിയും ഡോക്ടറുമായ നാരമല്ലി ശിവപ്രസാദ് പാര്‍ലമെന്റില്‍ എത്തിയത്. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് സായ്ബാബയുടെ വേഷത്തില്‍ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ടിഡിപി എംപി പറയുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ ഇതാദ്യമായല്ല ശിവപ്രസാദ് 'അവതാരപുരുഷന്' മാരുടെ വേഷത്തിലെത്തി കാര്യം ബോധിപ്പിക്കുന്നത്. പാര്‍ലമെന്റിന് പുറത്തായിരുന്നു എംപിയുടെ വേറിട്ട പ്രതിഷേധം. പിന്തുണയുമായി ആന്ധ്രയില്‍ നിന്നുള്ള മറ്റ് പാര്‍ട്ടി നേതാക്കളുമെത്തി.
കഴിഞ്ഞയാഴ്ച പ്രശസ്ത കവിയായിരുന്ന അണ്ണാമയ്യയുടെ വേഷം കെട്ടിയാണ് എംപി ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന് ആവശ്യപ്പെട്ടത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തീരുന്നയന്ന് വിശ്വാമിത്ര മഹര്‍ഷിയുടെ വേഷത്തിലാണ് ടിഡിപി എംപി എത്തിയത്. പരശുരാമന്റെയും നാരദമുനിയുടെയും വേഷത്തിലും ഇദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.
ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയില്‍ ക്യാബിനറ്റ് മിനിസ്റ്ററായിരുന്ന ശിവപ്രസാദ് എംപി ചലച്ചിത്ര താരം കൂടിയാണ്. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കുറച്ച് മാസങ്ങളായി ആന്ധ്രയില്‍ നിന്നുള്ള എംപിമാര്‍ പ്രതിഷേധത്തിലാണ്.