ആള്‍ക്കൂട്ട കൊലയ്ക്ക് വധശിക്ഷ :  ഉടന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍

ആള്‍ക്കൂട്ട കൊല വളരെ പ്രാകൃതമായ കുറ്റകൃത്യമാണ്. പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ല
ആള്‍ക്കൂട്ട കൊലയ്ക്ക് വധശിക്ഷ :  ഉടന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ രാജ്യത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇത്തരം കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച ബില്‍ അടുത്തുതന്നെ സര്‍ക്കാര്‍ കൊണ്ടുവരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ആള്‍ക്കൂട്ട കൊല വളരെ പ്രാകൃതമായ കുറ്റകൃത്യമാണ്. പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാകില്ല ഇതെന്നും മന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ യവത്മാലില്‍ തന്നെ സന്ദർശിക്കാനെത്തിയ നാഥ്‌യോഗി സമൂഹത്തോടാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. 

ജൂലൈ ഒന്നിന് മഹാരാഷ്ട്രയിലെം ധൂലെ ജില്ലയില്‍ വെച്ച്, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ച് നാഥ്‌യോഗി സമുദായത്തില്‍പ്പെട്ടവരെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനായിരുന്നു സംഘം എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 

12 വയസില്‍ താഴെയുള്ള കുട്ടികളെ ബലാല്‍സംഗം ചെയ്യുന്നവര്‍ക്ക്  വധശിക്ഷ ഉറപ്പാക്കിയ മാതൃകയിലായിരിക്കും നിയമമെന്നും മന്ത്രി ഹന്‍സ്‌രാജ് ആഹിര്‍ സൂചിപ്പിച്ചു. ആള്‍ക്കൂട്ടക്കൊലപാതകം തടയാന്‍ കര്‍ശനമായ നിയമ വ്യവസ്ഥയുണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com