ഇന്ത്യയിലെ ജയിലുകള്‍ ശുദ്ധവായൂ കടക്കാത്തവയെന്ന് വിജയ് മല്യ; സെല്ലിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ലണ്ടന്‍ കോടതി 

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശം
ഇന്ത്യയിലെ ജയിലുകള്‍ ശുദ്ധവായൂ കടക്കാത്തവയെന്ന് വിജയ് മല്യ; സെല്ലിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ലണ്ടന്‍ കോടതി 

ന്യൂഡല്‍ഹി: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറിയാല്‍ പാര്‍പ്പിക്കുന്ന ജയിലിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് യു കെ കോടതി. ഇന്ത്യന്‍ ജയിലുകള്‍ സൂര്യപ്രകാശവും ശുദ്ധവായുവും കടക്കാത്തവയാണെന്ന മല്യയുടെ പരാതിക്ക് പിന്നാലെയാണ് യുകെ കോടതി വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട മല്യയെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലണ്ടന്‍ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പരാമര്‍ശം.

ഇന്ത്യയെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ജയിലിന്റെ ഫോട്ടോകള്‍ കൈമാറിയിരുന്നെങ്കിലും ഇത് പോരെന്നും വീഡിയോ ഹാജരാക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു. ജയിലിലെ സൗകര്യങ്ങള്‍ മനസിലാക്കുന്നതിനാണ് വീഡിയോ ആവശ്യപ്പെടുന്നതെന്നും ദൃശ്യങ്ങള്‍ പകല്‍ വെളിച്ചത്തില്‍ ചിത്രീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജഡ്ജി എമ്മ അര്‍ബൗത്‌നോട്ടിന്റേതാണ് നിര്‍ദേശം. 

വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്താണ് രാജ്യം വിട്ട മല്യ ഓഗസ്റ്റ് 27ന് മുന്‍പ് കോടതിയില്‍ ഹാജരാകണമെന്ന് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഉത്തരവിട്ടിരുന്നു. 12,500 കോടി മൂല്യം വരുന്ന മല്യയുടെ സ്വത്തുക്കള്‍ എത്രയും വേഗം കണ്ടുകെട്ടണമെന്ന് കേന്ദ്രഅന്വേഷണ ഏജന്‍സിയും നിര്‍ദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com