ഇന്ത്യാവിഷന്‍  പണമടച്ചില്ല; മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റദ്ദാക്കിയത് 147 ടിവി ചാനല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2018 12:36 AM  |  

Last Updated: 31st July 2018 12:37 AM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ റദ്ദാക്കിയത് 147 ടിവി ചാനലുകളാണെന്ന് കേന്ദ്രസര്‍ക്കാര്‍. 867 ടിവി ചാനലുകള്‍ക്കാണ് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. ഇതില്‍ 147 ചാനലുകളുടെ പ്രവര്‍ത്തനം റദ്ദാക്കിയതായാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്.

മറ്റ് 236 ചാനലുകള്‍കൂടി വിവിധ കാരണങ്ങളാല്‍ ലൈസന്‍സ് റദ്ദ്  ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ്. അല്‍ജസീറയുടെ ഇംഗ്ലീഷ് ചാനല്‍, എന്‍ഡിടിവിയുടെ മെട്രോ നാഷന്‍ തുടങ്ങി പ്രമുഖ ടിവി ചാനലുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു. ആഭ്യന്തരസുരക്ഷ മുന്‍നിര്‍ത്തിയാണ് എബിസി ന്യൂസ്, വോയ്‌സ് ഓഫ് നാഷണ്‍, ഫോക്കസ് ന്യൂസ് ലമണ്‍ ന്യൂസ് തുടങ്ങിയ ചാനലുകളുടെ പ്രവര്‍ത്തനം റദ്ദാക്കിയത്.

സമൂഹത്തിന് പ്രകോപനപരമായ വാര്‍ത്തകള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വോയ്‌സ് ഓഫ് ഇന്ത്യ, ടിവി ന്യൂസ്, കെബിസി ന്യൂസ്, കോഹിനൂര്‍, ശ്രീന്യൂസ് എന്നീ ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കി. സംപ്രേഷണത്തിന് ആവശ്യമായ തുക അടയ്ക്കാത്തതിന്റെ പേരിലാണ് ഇന്ത്യാവിഷന്‍സ ലൈവ് ഇന്ത്യ ചാനലുകളുടെ ലൈസന്‍സ് റദ്ദ് ചെയ്തത്.