പശുക്കളെ കൊല്ലുന്നത് ഭീകരവാദത്തേക്കാള്‍ വലിയ കുറ്റകൃത്യമെന്ന് ബിജെപി നേതാവ്  

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 31st July 2018 11:02 PM  |  

Last Updated: 31st July 2018 11:02 PM  |   A+A-   |  

gyan-dev-ahuja

ജയ്പൂര്‍: പശുക്കളെ കൊല്ലുന്നത് ഭീകരവാദത്തേക്കാള്‍ വലിയ കുറ്റകൃത്യമെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹുജ. പശുക്കളെ കൊല്ലുന്നത് കോടിക്കണക്കിന് ഹിന്ദുക്കളുടെ വികാരമാണ് വൃണപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് നേരത്തെയും വാര്‍ത്തയില്‍ ഇടംനേടിയ നേതാവാണ് അഹൂജ. 

ഭീകരവാദികള്‍ രണ്ടോ മുന്നോ ആളുകളെ മാത്രമാണ് കൊല്ലുന്നതെന്നും പശുക്കളെ കൊല്ലുമ്പോള്‍ കോടിക്കണക്കിന് ഹിന്ദുക്കള്‍ക്കാണ് വേദനിക്കുന്നതെന്നുമാണ് അഹൂജയുടെ വാക്കുകള്‍. നേരത്തെ പശുക്കടത്തുകാരെ കയ്യില്‍ കിട്ടിയാല്‍ തല്ലണമെന്നും, ശേഷം മരത്തില്‍ കെട്ടിയിട്ട് പോലീസിനെ അറിയിക്കണമെന്നും ഇദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. 

കഴിഞ്ഞ ആഴ്ച്ച പശുക്കടത്ത് നടത്തി എന്നാരോപിച്ച് റക്ബര്‍ ഖാന്‍ എന്നയാളെ ആള്‍കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ ലാലാവണ്ടി ഉള്‍പ്പെടുന്ന മണ്ഡലത്തുലെ എംഎല്‍എയാണ് അഹൂജ. യുവാവിന്റെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്നും അവരെ ഉടന്‍ വിട്ടയയ്ക്കണമെന്നും അഹൂജ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെയും കൂട്ടുകാരന്റെയും പേരില്‍ പശുക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.