മയക്കുമരുന്ന് വേണ്ട, സ്വര്‍ണ്ണം കടത്തിയാല്‍ മതി; അതാകുമ്പോള്‍ ജാമ്യം കിട്ടുമെന്ന് ബിജെപി എംഎല്‍എ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st June 2018 01:15 PM |
Last Updated: 01st June 2018 01:15 PM | A+A A- |

ബിലാറ: സ്വര്‍ണക്കടത്തിന് പ്രോത്സാഹനവുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ. മയക്കുമരുന്നുകള്‍ കടത്തേണ്ടെന്നു സ്വര്‍ണം കടത്തിയാല്‍ ജാമ്യം കിട്ടുമെന്നുമായിരുന്നു രാജസ്ഥാന്‍ എംഎല്‍എ അര്‍ജ്ജുന്‍ ലാല്‍ ഗാര്‍ഗിന്റെ വാക്കുകള്‍. രാജസ്ഥാനിലെ ബിലാറയിലെ എംഎല്‍എയായ ഇദ്ദേഹം ദേവാസി സമുദായത്തിലെ ആളുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്.
തന്റെ പ്രസംഗം കേള്‍ക്കാനെത്തിയവരോട് മയക്കുമരുന്നില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും അത് യുവാക്കളുടെ ജീവിതം നശിപ്പിക്കുകയാണെന്നും ഗാര്‍ഗ് പറയുന്നു. എന്നാല്‍ ഇതിനുപകരമായി സ്വര്‍ണ്ണം കടത്താനാണ് ഗാര്‍ഗ് ആവശ്യപ്പെടുന്നത്. അനധികൃതമായി സ്വര്‍ണ്ണം കടത്തുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ പിടിക്കപ്പെട്ടാലും ജാമ്യം ലഭിക്കാന്‍ എളുപ്പമാണെന്നും ഇദ്ദേഹം തന്റെ പ്രസംഗത്തില്‍ പറയുന്നു. നാര്‍കോട്ടിക് ഡ്രഗ്ഗുകള്‍ ഉപയോഗിച്ചതിന് ദേവാസി സമുദായത്തിലെ നിരവധിപ്പേര്‍ ജയിലുകളില്‍ കഴിയുന്നുണ്ടെന്നും ബിജെപി എംഎല്‍എ പറയുന്നു.
'സ്വര്‍ണ്ണത്തിന്റെയും മയക്കുമരുന്നിന്റെയും വിലയൊക്കെ ഏകദേശം ഒരുപോലെയാണ്. പക്ഷെ സ്വര്‍ണ്ണം കൊണ്ടുള്ള കളിയാണ് സുരക്ഷിതം', ഇതായിരുന്നു എംഎല്‍എയുടെ വാക്കുകള്‍. ജയിത്തവാസ് ഗ്രാമത്തിലെ ക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഗാര്‍ഗിന്റെ ഈ അഭിപ്രായപ്രകടനം. ചടങ്ങില്‍ ഗാര്‍ഗ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം വൈറലായത്.