വിശാലഐക്യം വിശാലമാക്കാന്‍ കോണ്‍ഗ്രസ്; മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും പൊതു സ്ഥാനാര്‍ത്ഥികള്‍ക്ക് ശ്രമം

ബിജെപിയെ ചെറുക്കാന്‍ ഉത്തര്‍പ്രദേശില്‍ പരീക്ഷിച്ച് വിജയിച്ച വിശാല ഐക്യം മറ്റു സംസ്ഥാനങ്ങളിലും പ്രയോഗിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്
വിശാലഐക്യം വിശാലമാക്കാന്‍ കോണ്‍ഗ്രസ്; മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും പൊതു സ്ഥാനാര്‍ത്ഥികള്‍ക്ക് ശ്രമം

ന്യൂഡല്‍ഹി: ബിജെപിയെ ചെറുക്കാന്‍ ഉത്തര്‍പ്രദേശില്‍ പരീക്ഷിച്ച് വിജയിച്ച വിശാല ഐക്യം മറ്റു സംസ്ഥാനങ്ങളിലും പ്രയോഗിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നി സംസ്ഥാനങ്ങളില്‍ ഈ തന്ത്രം പയറ്റാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. മൂന്നിടത്തും ബിജെപിയാണ് നിലവില്‍ ഭരണം കൈയാളുന്നത്. 

മധ്യപ്രദേശിലും, ചത്തീസ്ഗഡിലും നീണ്ടകാലമായി ബിജെപിയാണ് അധികാരത്തില്‍. രാജസ്ഥാനില്‍ കഴിഞ്ഞ തവണ ബിജെപി വീണ്ടും അധികാരം തിരിച്ചുപിടിക്കുകയായിരുന്നു. രാജസ്ഥാനിലും ചത്തീസ്ഗഡിലും ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന സമാനമനസ്‌ക്കരായ പാര്‍ട്ടികളുമായി യോജിച്ചുപോകാനാണ് കോണ്‍ഗ്രസ് പരിപാടിയിടുന്നത്.  ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി വിരുദ്ധ സഖ്യം പയറ്റിയ അടവുനയം വിജയിച്ചിരുന്നു. ഇതില്‍ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ആവേശമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായുളള പ്രവര്‍ത്തനങ്ങളാണ് കോണ്‍ഗ്രസിന്റെ അണിയറയില്‍ ഒരുങ്ങുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യനിരയ്ക്ക് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞു. മധ്യപ്രദേശില്‍ ബിഎസ്പിയുമായി ചേര്‍ന്ന് ബിജെപിയെ നേരിടാനാണ് കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചകള്‍ നടക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് മധ്യപ്രദേശിന്റെ പിസിസി അധ്യക്ഷനായി ചുമതലയേറ്റ കമല്‍നാഥ് ബിഎസ്പിയുമായി സഖ്യം രൂപീകരിക്കുന്നതിന് തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സാഹചര്യത്തില്‍ ബിഎസ്പിയുമായി സഖ്യം രൂപീകരിക്കുന്നത് സംബന്ധിച്ച് മുന്‍കൂട്ടി അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. എങ്കിലും സമാനമനസ്‌ക്കരായ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ അണിനിരക്കുമെന്ന് സിന്ധ്യ ഉറപ്പിച്ചുപറഞ്ഞു. അടുത്തിടെ മധ്യപ്രദേശില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 

രാജസ്ഥാനില്‍ വസുന്ധരരാജ സിന്ധ്യ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ തോല്‍വിക്ക് പ്രധാന കാരണം ഇതാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com