എല്ലാ സ്ത്രീകള്‍ക്കും സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിനാവില്ല; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd June 2018 03:38 PM |
Last Updated: 03rd June 2018 03:38 PM | A+A A- |

പനാജി: ഓരോ വ്യക്തിക്കും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്ന് സംസ്ഥാന മഹിളാ മോര്‍ച്ച പ്രസിഡന്റ് സുലക്ഷണ സാവന്ത്. ഗോവയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ വര്‍ധിച്ചു വരുന്നതിന്റെയും കഴിഞ്ഞമാസം ഇരുപതുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിന്റെയും പശ്ചാത്തലത്തിലാണ് സുലക്ഷണയുടെ വിവാദ പ്രസ്താവന
ആളുകളുടെ മനോഭാവത്തിലാണ് മാറ്റം കൊണ്ടുവരേണ്ടത്. എല്ലാവര്‍ക്കും സുരക്ഷ നല്‍കാനാകില്ല. എന്നാല്‍ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ സംരക്ഷകനോ സംരക്ഷകയോ ആകാന്‍ സാധിക്കും സുലക്ഷണ കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ ഗോവയിലെ ബേടല്‍ബാടിം ബീച്ചില്‍ മേയ് 25ന് ഇരുപതുകാരി കൂട്ടബലാല്‍സംഗത്തിന് ഇരയായിരുന്നു. മധ്യപ്രദേശില്‍നിന്നുള്ള മൂന്നംഗ വിനോദസഞ്ചാര സംഘമാണ് യുവതിയെ കാമുകനു മുന്നില്‍ വച്ച് കൂട്ടബലാല്‍സംഗം ചെയ്തത്. ഗോവയിലെ സ്ത്രീസുരക്ഷയെ കുറിച്ച് നിരവധി ചോദ്യങ്ങളുയരാന്‍ ഈ സംഭവം കാരണമായിരുന്നു.
ബലാല്‍സംഗക്കേസുകള്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നതിനു കാരണം അതിനു തയ്യാറായി സ്ത്രീകള്‍ മുന്നോട്ടുവരുന്നതിനാലാണെന്നും സുലക്ഷണ പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ബീച്ചുകളില്‍ സി സി ടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ടൂറിസം വകുപ്പിനോട് ഗോവയിലെ മഹിളാ മോര്‍ച്ച ആവശ്യപ്പെടുമെന്നും സുലക്ഷണ പറഞ്ഞു.