തീവണ്ടികള്‍ വൈകിയോടിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമില്ല; മുന്നറിയിപ്പുമായി മന്ത്രി

തീവണ്ടികള്‍ പതിവായി വൈകുന്നത് ബന്ധപ്പെട്ട ഉന്നത റെയില്‍വെ ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തെ ബാധിച്ചേക്കും
തീവണ്ടികള്‍ വൈകിയോടിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റമില്ല; മുന്നറിയിപ്പുമായി മന്ത്രി

ന്യൂഡല്‍ഹി: തീവണ്ടികള്‍ പതിവായി വൈകുന്നത് ബന്ധപ്പെട്ട ഉന്നത റെയില്‍വെ ഉദ്യോഗസ്ഥന്റെ സ്ഥാനക്കയറ്റത്തെ ബാധിച്ചേക്കും. കഴിഞ്ഞയാഴ്ച നടന്ന റെയില്‍വെ സോണല്‍ ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ റെയില്‍വെമന്ത്രി പീയുഷ് ഗോയലാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

അറ്റകുറ്റപ്പണികളുടെ പേരുപറഞ്ഞ് തീവണ്ടികള്‍ വൈകുന്നതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഉന്നത റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്ന് യോഗത്തില്‍ മന്ത്രി വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ടുചെയ്തു. ഉന്നത റെയില്‍വെ ഉദ്യോഗസ്ഥരുടെ പ്രകടനം വിലയിരുത്തുമ്പോള്‍ ഇനി തീവണ്ടികള്‍ വൈകുന്നത് സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുമെന്ന് യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

സമയക്രമം പാലിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ ഒരുമാസത്തെ സമയം നല്‍കുന്നതായി കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ 30 ശതമാനം തീവണ്ടികളും വൈകിയാണ് ഓടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ വന്‍തോതില്‍ നടക്കുന്നുണ്ടെങ്കിലും തീവണ്ടികള്‍ വൈകുന്നത് ന്യായീകരിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഓരോ സോണുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരോടും ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. തീവണ്ടികള്‍ വൈകുന്നതിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റെയില്‍വെമന്ത്രി പീയുഷ് ഗോയലിനോട് ആരാഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പ് മന്ത്രി നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com