അവര്‍ സാമൂഹ്യവിരുദ്ധരാണെങ്കില്‍ ഞാനും സാമൂഹ്യവിരുദ്ധന്‍; തുത്തുക്കുടി സമരക്കാര്‍ക്ക് പിന്തുണയുമായി കമല്‍ഹാസന്‍ 

തുത്തുക്കുടി സമരക്കാരില്‍ സാമൂഹ്യവിരുദ്ധരുണ്ടായുരുന്നു എന്ന തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ കമല്‍ഹാസന്‍ രംഗത്ത്
അവര്‍ സാമൂഹ്യവിരുദ്ധരാണെങ്കില്‍ ഞാനും സാമൂഹ്യവിരുദ്ധന്‍; തുത്തുക്കുടി സമരക്കാര്‍ക്ക് പിന്തുണയുമായി കമല്‍ഹാസന്‍ 

ചെന്നൈ: തുത്തുക്കുടി സമരക്കാരില്‍ സാമൂഹ്യവിരുദ്ധരുണ്ടായുരുന്നു എന്ന തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രസ്താവനയ്‌ക്കെതിരെ കമല്‍ഹാസന്‍ രംഗത്ത്. തൂത്തുക്കുടിയിലെ സമരക്കാര്‍ സാമൂഹ്യ വിരുദ്ധരാണെങ്കില്‍ താനും അവരെപോലെ സാമൂഹ്യവിരുദ്ധനാണെന്ന് കമല്‍ഹാസന്‍ പറയുന്നു. തൂത്തുക്കുടിയിലെ ജനം പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും, അവസാനിപ്പിക്കാന്‍ പാടില്ലെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

ഇങ്ങനെ എല്ലാ പ്രശ്‌നത്തിലും പ്രതികരിക്കാനിറങ്ങിയാല്‍ തമിഴ്‌നാട് ഒരു ശ്മശാനഭൂമിക്ക് സമമാകുമെന്ന രജനീകാന്തിന്റെ പ്രസ്താവനയോടും കമല്‍ഹാസന്‍ തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചു. താന്‍ ഗാന്ധിയുടെ മാര്‍ഗമാണ് സ്വീകരിക്കുന്നതെന്നും പ്രതിഷേധക്കാര്‍ക്ക് ഒരു വ്യക്തിത്വം ഉണ്ടാകണമെന്നും ആ വ്യക്തിത്വം ഗാന്ധിയില്‍ നിന്ന് പഠിക്കണമെന്നും കമല്‍ഹാസന്‍ പറയുന്നു. 'കത്തിയും വാളും തോക്കും കൊണ്ടുമാത്രമല്ല പ്രതിഷേധം സാധ്യമാകുക, തോക്കിന്‍മുനയ്ക്ക് മുന്നില്‍ നെഞ്ചും വിരിച്ച് നില്‍ക്കുന്നതാണ് പ്രതിഷേധക്കാര്‍ക്ക് ഉണ്ടാകേണ്ട വ്യക്തിത്വം. അതാണ് നമ്മള്‍ തൂത്തുകുടിയില്‍ കണ്ടതും. അതില്‍ അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് കുറയ്ക്കാന്‍ ശ്രമിക്കണം', അദ്ദേഹം പറഞ്ഞു. 

തൂത്തുകുടിയില്‍ പൊലീസ് വെടിവപ്പില്‍ പതിമൂന്ന് പേര്‍ കൊല്ലപെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടിവച്ചതെന്നു മുഖ്യമന്ത്രി പളനി സ്വാമി പറഞ്ഞിരുന്നു. പ്രതിഷേധക്കാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിതെറ്റിക്കുകയാണെന്നും ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ സമരത്തില്‍ കയറി കൂടിയിരുന്നെന്നും ഇവര്‍ പൊലീസുകാരെ ആക്രമിച്ചതിന്റെ ഫലമായാണ് വെടിവപ്പ് ഉണ്ടായതെന്നുമായിരുന്നു പളനി സ്വാമിയുടെ ആരോപണം. ഈ പ്രതികരണങ്ങള്‍ക്കെതിരെയാണ് കമല്‍ഹാസന്‍ തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com