പാര്‍ലമെന്റില്‍ ബലാബലത്തിന് അരങ്ങൊരുങ്ങുന്നു; രാജ്യസഭ ഉപാധ്യക്ഷ പദവി പിടിക്കാന്‍ ഐക്യനീക്കവുമായി പ്രതിപക്ഷ കക്ഷികള്‍ 

ആസന്നമായ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ബിജെപിയും പ്രതിപക്ഷഐക്യനിരയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടത്തിന് വേദിയാകുമെന്ന് റിപ്പോര്‍ട്ട്.
പാര്‍ലമെന്റില്‍ ബലാബലത്തിന് അരങ്ങൊരുങ്ങുന്നു; രാജ്യസഭ ഉപാധ്യക്ഷ പദവി പിടിക്കാന്‍ ഐക്യനീക്കവുമായി പ്രതിപക്ഷ കക്ഷികള്‍ 

ന്യൂഡല്‍ഹി: ആസന്നമായ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ബിജെപിയും പ്രതിപക്ഷഐക്യനിരയും തമ്മിലുളള നേര്‍ക്കുനേര്‍ പോരാട്ടത്തിന് വേദിയാകുമെന്ന് റിപ്പോര്‍ട്ട്.നിലവിലെ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പിജെ കുര്യന്റെ എംപി കാലാവധി ജൂണ്‍ 30ന് അവസാനിക്കും. ഇതോടെ വരുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.ഇവിടെയും ഉപതെരഞ്ഞെടുപ്പുകളില്‍ പയറ്റിയ തന്ത്രം പ്രയോഗിക്കാനുളള നീക്കത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ബിജെപിയുടെ അനായാസമായ വിജയം തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

245 അംഗങ്ങളുളള രാജ്യസഭയില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് നടക്കുന്ന മത്സരം വിജയിക്കണമെങ്കില്‍ ബിജെപിക്ക് 122 എംപിമാരുടെ പിന്തുണ വേണം. നിലവിലെ അംഗസംഖ്യ കണക്കിലെടുത്താല്‍ ബിജെപിക്ക് മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ വിജയിക്കുക ദുഷ്‌കരമാണ്. മറ്റു പാര്‍ട്ടികളുടെ പിന്തുണ ആര്‍ജിക്കുന്നതിന് ബിജെപി എല്ലാ ശ്രമങ്ങളും നടത്തും. ഇതിന് മുന്നോടിയായി ഒരു മുഴം മുന്‍പെ എറിഞ്ഞ് ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍. 

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ഒഡീഷയിലെ പ്രാദേശിക പാര്‍ട്ടിയായ നവീന്‍ പട്‌നായിക്ക് ബിജെപിക്ക് പിന്നിലാണ് ഉറച്ചുനിന്നത്. ഇവരുടെ രാഷ്ട്രീയ ചായ്‌വില്‍ ഇപ്പോഴും വ്യക്തത നിലനില്‍ക്കുന്നില്ല. ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ ബിജു ജനതാദളിന്റെ പിന്തുണ ഉറപ്പാക്കാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ നിര നീക്കം ആരംഭിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ബിജു ജനതാദളിന് ഒന്‍പത് അംഗങ്ങളാണുളളത്.ഇവര്‍ക്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്ത് തന്ത്രപരമായ നീക്കത്തിലെ ബിജെപിയെ തറപറ്റിക്കാനാണ് പ്രതിപക്ഷ പാര്‍്ട്ടികള്‍ ആലോചിക്കുന്നത്.

അടുത്തകാലത്ത് തൃണമൂല്‍ കോണ്‍ഗ്രസും ടിആര്‍എസും സ്വീകരിച്ച നിലപാടുകളും പ്രതിപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നതാണ്. രാജ്യസഭയില്‍ 13 അംഗങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുളളത്. ടിആര്‍എസിന് ആറും. ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാന്‍ ഇരു പാര്‍ട്ടികളും മുന്‍കൈയെടുത്തു വരുകയാണ്. ഇത് ഡെപ്യൂട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യ സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായ സാഹചര്യം ഉരിത്തിരിയാന്‍ സഹായകമാകുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കണക്കുകൂട്ടുന്നു. ഡെപ്യൂട്ടി ചെയര്‍മാന്‍ മത്സരത്തില്‍ പ്രതിപക്ഷത്തിന് അനുകൂലമായ നിലപാട് ബിജു ജനതാദള്‍ സ്വീകരിച്ചാല്‍ അതിനെ പിന്തുണയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com