ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി; അമിത് ഷാ നാളെ ഉദ്ധവ് താക്കറെയെ കാണും 

പോര്‍മുഖം തീര്‍ത്ത് പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ശിവസേനയെ മയപ്പെടുത്താന്‍ അനുനയനീക്കവുമായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ
ശിവസേനയെ അനുനയിപ്പിക്കാന്‍ ബിജെപി; അമിത് ഷാ നാളെ ഉദ്ധവ് താക്കറെയെ കാണും 

ന്യൂഡല്‍ഹി: പോര്‍മുഖം തീര്‍ത്ത് പാര്‍ട്ടിയെ വെല്ലുവിളിക്കുന്ന ശിവസേനയെ മയപ്പെടുത്താന്‍ അനുനയനീക്കവുമായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ശിവസേനയുമായുളള തര്‍ക്കം രൂക്ഷമായി തുടരുന്നത് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ഈ പശ്ചാത്തലത്തില്‍ മുംബൈയിലെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍ എത്തി അനുനയ നീക്കം നടത്താനാണ് അമിത് ഷായുടെ പദ്ധതി.ഇതിന്റെ ഭാഗമായി അമിത് ഷാ ബുധനാഴ്ച മുംബൈയിലേക്ക് തിരിക്കും.

കഴിഞ്ഞ കുറെ നാളുകളായി എന്‍ഡിഎ ഘടകകക്ഷിയായ ശിവസേന ബിജെപിക്കെതിരെ പോര്‍മുഖത്താണ്. ബിജെപിയുടെ നയങ്ങള്‍ക്ക് പുറമേ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത് ഷായെയും നേരിട്ട് വിമര്‍ശിക്കുന്ന തലത്തിലേയ്ക്ക്് ശിവസേന കടന്നുവന്നത് ഇരുപാര്‍ട്ടികളും തമ്മിലുളള ബന്ധം വഷളാക്കി. ഒരു ഘട്ടത്തില്‍ അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് വരെ ശിവസേന മുതിര്‍ന്നു. ഇതിനിടെ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ മുന്നണി വിട്ടുപോകുന്ന സാഹചര്യമുണ്ടായി. ബിജെപിയെ കേന്ദ്രഭരണത്തില്‍ നിന്നും അകറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോജിപ്പിലെത്തുന്നതും ബിജെപിക്ക് തിരിച്ചടിയായി. ഈ സന്ദര്‍ഭത്തിലാണ് നീണ്ടകാലം ബിജെപിയുടെ സഖ്യകക്ഷിയായി ശിവസേനയെ അനുനയിപ്പിക്കാനുളള ശ്രമം അമിത് ഷാ തന്നെ നേരിട്ടു ഏറ്റെടുക്കുന്നത്.

ബുധനാഴ്ച ഉദ്ധവ് താക്കറെയെ സന്ദര്‍ശിക്കുന്നതിന്  സമയം ചോദിച്ച അമിത് ഷായ്ക്ക് അനുകൂലമായ മറുപടിയാണ് ശിവസേന അധ്യക്ഷന്‍ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. നാലുവര്‍ഷത്തിന് ശേഷമാണ് ഇരുനേതാക്കളും കണ്ടുമുട്ടുന്നത്. അതിനാല്‍ തന്നെ ദേശീയ രാഷ്ട്രീയം ഒന്നടങ്കം കൂടിക്കാഴ്ചയെ ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

കഴിഞ്ഞദിവസം ബിജെപിയാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി എന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

അടുത്തിടെ നടന്ന ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പാല്‍ഘര്‍ ബിജെപി നിലനിര്‍ത്തിയെങ്കിലും ശിവസേന സ്ഥാനാര്‍ത്ഥി രണ്ടര ലക്ഷത്തോളം വോട്ടുപിടിച്ചിരുന്നു. ഇത് ഒരു മുന്നറിയിപ്പായും ബിജെപി കാണുന്നു എന്ന  സൂചനയാണ് അമിത് ഷായുടെ അനുനയ നീക്കത്തിലുടെ വ്യക്തമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com