കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനുളളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളും: രാഹുല്‍ ഗാന്ധി 

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനുളളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനുളളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളും: രാഹുല്‍ ഗാന്ധി 

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനുളളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തളളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍, ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാര്‍ അങ്ങനെ ഏതുതരത്തിലുളള ബിജെപി സര്‍ക്കാരായാലും വലിയ ബിസിനസ്സുകാരെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു. കര്‍ഷകരുടെ ക്ഷേമത്തിനായി ചില്ലിക്കാശ് പോലും ചെലവഴിക്കുന്നില്ല. മുന്‍ യുപിഎ സര്‍ക്കാര്‍ കര്‍ഷകരുടെ 70000 കോടി രൂപയുടെ കാര്‍ഷിക കടമാണ് എഴുതിത്തളളിയതെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. മധ്യപ്രദേശിലെ മന്ദസറില്‍ കര്‍ഷകര്‍ക്ക് നേരെ നടന്ന വെടിവെയ്പ്പിന്റെ ഒന്നാം വാരഷികത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാദ വ്യവസായികളായ മെഹുല്‍ ചോക്‌സിക്കും നീരവ് മോദിക്കും 30,000 കോടി രൂപയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അന്യായമായി അനുവദിച്ചത്. ഈ തുക ഉണ്ടായിരുന്നുവെങ്കില്‍ കര്‍ഷകരുടെ കടം എഴുതിത്തളളാമായിരുന്നു. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്ക് കിട്ടാനുളള കുടിശ്ശിക അനുവദിക്കുമെന്നായിരുന്നു ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍ മോദി സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിക്കുകയായിരുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

മന്ദസറില്‍ വെടിവെയ്പ്പ് നടന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ ഏങ്ങുമെത്തിയില്ല. വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നീതിയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടുകോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നതും വിദേശത്തുളള കളളപ്പണം തിരിച്ചുപിടിച്ച് ഓരോ കുടുംബത്തിന്റെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നതും ബിജെപിയുടെ വെറും വാഗ്ദാനങ്ങള്‍ മാത്രമായി അവശേഷിക്കുന്നു. അടുത്ത തവണ മന്ദസര്‍ സന്ദര്‍ശിക്കുമ്പോള്‍, മെയ്ഡ് ഇന്‍ മന്ദസര്‍ എന്ന് പ്രദേശം അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നത്. മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥിനും ജോതിരാദിത്യസിന്ധ്യയ്ക്ക് ഇതിന് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com