തര്‍ക്കങ്ങള്‍ക്ക് വിരാമം; കര്‍ണാടകയില്‍ 22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു, കോണ്‍ഗ്രസില്‍ നിന്ന് 11 പേര്‍ 

കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചു.
തര്‍ക്കങ്ങള്‍ക്ക് വിരാമം; കര്‍ണാടകയില്‍ 22 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു, കോണ്‍ഗ്രസില്‍ നിന്ന് 11 പേര്‍ 

ബംഗലൂരു: കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിച്ചു. പുതിയതായി 22 മന്ത്രിമാരെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ പുന: സംഘടിപ്പിച്ചത്.  ജെഡിഎസില്‍നിന്ന് 10 പേരടക്കം 22 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റുവിഭജനം പൂര്‍ത്തിയായത്. 

 കോണ്‍ഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാര്‍, കെ.ജെ.ജോര്‍ജ്, എന്‍.എച്ച്.ശിവശങ്കര്‍ റെഡ്ഡി, ജെഡിഎസ് നേതാക്കളായ എച്ച്.ഡി.രേവണ്ണ, ജി.ടി.ദേവെഗൗഡ എന്നിവരാണു സത്യപ്രതിജ്ഞ ചെയ്തവരില്‍ പ്രമുഖര്‍. ഭാവിയിലെ അസംതൃപ്തര്‍ക്കായി കുറച്ചു സീറ്റുകള്‍ ഒഴിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരും ചേരുമ്പോള്‍ മന്ത്രിസഭയുടെ അംഗബലം 24 ആകും.

മുഖ്യമന്ത്രിയുടെ സഹോദരന്‍ എച്ച്.ഡി.രേവണ്ണയാണു ഗവര്‍ണര്‍ വാജുഭായ് വാല മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ആര്‍.വി.ദേശ്പാണ്ഡെ, ബണ്ടപ്പ കാശെംപുര്‍, ഡി.കെ.ശിവകുമാര്‍, ജി.ടി.ദേവെഗൗഡ, കെ.ജെ.ജോര്‍ജ്, കൃഷ്ണ ബൈരെഗൗഡ, ഡി.സി.തമണ്ണ, എന്‍.എച്ച്.ശിവശങ്കര്‍ റെഡ്ഡി, എസ്.ആര്‍.ശ്രീനിവാസ്, പ്രിയങ്ക് ഖാര്‍ഗെ, സി.എസ്.പുട്ടരാജു, യു.ടി.അബ്ദുല്‍ ഖാദര്‍, ബി.ഇസെഡ്.സമീര്‍ അഹമ്മദ് ഖാന്‍, ശിവാനന്ദ് പാട്ടീല്‍, വെങ്കടരാമണപ്പ, രാജ്‌ശേഖര്‍ ബസവരാജ് പാട്ടീല്‍, സി.പുട്ടരംഗ ഷെട്ടി, ആര്‍.ശങ്കര്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ ചെയ്തു.

സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയ ജയമാല രാമചന്ദ്രയാണു (കോണ്‍ഗ്രസ്) മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധി. ഉത്തര്‍പ്രദേശിനു പുറത്ത് പാര്‍ട്ടിയുടെ ആദ്യ മന്ത്രിയെന്ന ബഹുമതി എന്‍.മഹേഷിലൂടെ ബിഎസ്പി സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com