ബിജെപിയുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന

2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേനാ നേതാവും എംപിയുമായ സഞ്ജയ് റാവത്ത് - അമിത് ഷായുടെ അനുനയനീക്കത്തിന് തിരിച്ചടി 
ബിജെപിയുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന

2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേനാ നേതാവും എംപിയുമായ സഞ്ജയ് റാവത്ത്.  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും - ശിവസേന മേധാവി ഉദ്ദവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സഞ്ജയിന്റെ പ്രതികരണം.

കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എല്ലാ പ്രശ്‌നവും പരിഹരിച്ചെന്നായിരുന്നു ബിജെപി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ അടിസ്ഥാനമില്ലെന്നാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. ബിജെപിയുമായി യാതൊരു വിധ സഖ്യത്തിനില്ലെന്നും ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ഒറ്റയ്ക്ക് മത്സരിക്കുമെന്നും സേനാ നേതാവ് വ്യക്തമാക്കി. ഇതോടെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ബിജെപി കടുത്ത വെല്ലുവിളി നേരിടേണ്ടിവരും

ദീര്‍ഘകാലത്തിന് ശേഷമാണ് അമിത് ഷാ - ഉദ്ദവ്‌ ചര്‍ച്ച നടന്നത്. അതുകൊണ്ട് വലിയ രാഷ്ട്രീയ പ്രാധാന്യവും ചര്‍ച്ചയ്ക്കുണ്ടായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയില്‍ മൂന്ന് സെക്ഷനുകളായാണ് നടന്നത്. ഉദ്ധവ് താക്കറെയും അമിത് ഷായും ചേര്‍ന്നാണ് ആദ്യത്തെ സെഷനില്‍ സംസാരിച്ചത്. പിന്നീട് ഇവര്‍ക്കൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും ശിവസേന നേതാവ് ആദിത്യ താക്കറെയും ചേര്‍ന്നു. മൂന്നാമത്തെ സെഷനില്‍ മുതിര്‍ന്ന നേതാക്കളും പങ്കെടുത്തെന്നാണ് സൂചന. സഖ്യം തുടരണമെന്ന് അമിത് ഷാ ചര്‍ച്ചയിലുടനീളം ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്താന്‍ വരുന്നതിനാല്‍ ശിവസേന ഒപ്പം ഉണ്ടാവണമെന്നും എന്‍ഡിഎയിലെ സഖ്യകക്ഷികളെ ഒറ്റപ്പെടുത്താന്‍ ബിജെപി ഒരിക്കലും ശ്രമിക്കില്ലെന്ന് അമിത് ഷാ ഉദ്ധവിന് ഉറപ്പ് നല്‍കുകയും ചെയ്തു

എന്നാല്‍ ശിവസേനയെ കാല്‍ക്കീഴിലാക്കാനുള്ള ശ്രമമാണ് ബിജെപിയുടെതെന്ന് ഉദ്ദവ് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. സഖ്യകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ ഒന്നും തന്നെ പാര്‍ട്ടിയുടെ അഭിപ്രായം തേടാന്‍ മോദി ശ്രമിച്ചില്ലെന്നും താക്കറെ  പറഞ്ഞു. സര്‍ക്കാര്‍ കൈക്കൊണ്ട സുപ്രധാന നയങ്ങളെല്ലാം മണ്ടത്തരങ്ങളായിരുന്നു.  ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്നതിന് പുറമേ ഫട്‌നാവിസ് സര്‍ക്കാര്‍ ശിവസേനയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതായും ഉദ്ദവ് ആരോപിച്ചു

അതേസമയം പാര്‍ട്ടി തീരുമാനം മാറ്റില്ല. ബിജെപി തങ്ങളെ ഒരുപാട് ദ്രോഹിവരാണ്. അമിത് ഷാ വന്നതെന്തിനാണെന്നും മറ്റും തങ്ങള്‍ക്കറിയം. പക്ഷേ പാര്‍ട്ടി ഐക്യകണ്‌ഠ്യേന ഒരു തീരുമാനമെടുത്ത് കഴിഞ്ഞു. ഒറ്റയ്ക്ക് മത്സരിക്കുക എന്നതാണ് പാര്‍ട്ടി തീരുമാനം. ആ തീരുമാനം മാറ്റാന്‍ സാധിക്കില്ലെന്നും റൗട്ട് വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com