'അവര്‍ ഹിന്ദു വിരുദ്ധ, കൊല്ലപ്പെടേണ്ടവള്‍'; ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

യുക്തിവാദി ചിന്തകനും എഴുത്തുകാരനുമായ കെ.എസ്. ഭഗവാന്‍ വധക്കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു
'അവര്‍ ഹിന്ദു വിരുദ്ധ, കൊല്ലപ്പെടേണ്ടവള്‍'; ഗൗരി ലങ്കേഷ് വധക്കേസില്‍ പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍

ബാംഗളൂര്‍; പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ ആദ്യത്തെ പ്രതി നവീന്‍ കുമാര്‍ കൊലപാതകികള്‍ക്ക് ബുള്ളറ്റ് കൈമാറിയ കുറ്റം സമ്മതിച്ചു. ബുള്ളറ്റ് നല്‍കിയ തീവ്രഹിന്ദുസംഘടന പ്രവര്‍ത്തകനായ പ്രവീണ്‍ ഗൗരീ ലങ്കേഷ് മരിക്കേണ്ടവളാണെന്ന് പറഞ്ഞെന്നും ഇയാള്‍ വ്യക്തമാക്കി. യുക്തിവാദി ചിന്തകനും എഴുത്തുകാരനുമായ കെ.എസ്. ഭഗവാന്‍ വധക്കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.

'ഗൗരി ലങ്കേഷ് ഹിന്ദുവിരുദ്ധയാണ്, അതുകൊണ്ടാണ് അവരെ കൊല്ലുന്നത് ' എന്നാണ് ബുള്ളറ്റ് വാങ്ങാന്‍ എത്തിയ പ്രവീണ്‍ നവീനോട് പറഞ്ഞത്. നവീന്റെ വീട്ടില്‍ വെച്ചായിരുന്നു ബുള്ളറ്റുകള്‍ പരിശോധിച്ചത്. അതിന് ശേഷം പുതിയ ബുള്ളറ്റുകള്‍ വാങ്ങാന്‍ പ്രവീണ്‍ നിര്‍ദേശിച്ചു. പ്രവീണിനും ഹിന്ദുസംഘടനയുമായി ബന്ധമുണ്ട്. ഇരുവരും നേരത്തെ പരിചയക്കാരായിരുന്നുവെന്നും നവീന്‍ മൊഴി നല്‍കി. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസം താന്‍ മംഗലാപുരത്തായിരുന്നെന്നും വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നുമാണ് അയാള്‍ പറയുന്നത്.

ബാംഗളൂരുവിലെ വീടിന് പുറത്തുവെച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിക്കുന്നത്. അറസ്റ്റിലായ നവീന്‍ കുമാര്‍ തീവ്രഹിന്ദു സംഘടനയിലെ അംഗമാണ്. കൂടാതെ 2014 ല്‍ ഹിന്ദു യുവ സേനയ്ക്കും ഇയാള്‍ രൂപം നല്‍കി. മൈസൂരിലെ കൊളേജിലെ കൊമേഴ്‌സി വിദ്യാര്‍ത്ഥിയായിരുന്ന ഇയാള്‍ തീവ്രഹിന്ദുത്വ സംഘടനയില്‍ ആകൃഷ്ടനായി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. നിയമവിരുദ്ധ ആയുധകടത്തിലും ഇയാള്‍ പങ്കാളിയായിരുന്നു. ഒന്‍പതു മാസത്തെ അന്വേഷണത്തിന് ശേഷം കഴിഞ്ഞ ദിവസം ഫയല്‍ ചെയ്ത ചാര്‍ജ് ഷീറ്റിലാണ് ഇയാളുടെ മൊഴിയുള്ളത്. കൊലയാളികള്‍ തയ്യാറാക്കിയ റൂട്ട് മാപ്പ് ഉള്‍പ്പടെ നിരവധി തെളിവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com