"നിരാശബാധിച്ചവരുടെ തറവേല"; പ്രണബിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആര്‍എസ്എസ് 

നാഗ്പൂര്‍ സന്ദര്‍ശിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആര്‍എസ്എസ്
"നിരാശബാധിച്ചവരുടെ തറവേല"; പ്രണബിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആര്‍എസ്എസ് 

മുംബൈ: നാഗ്പൂര്‍ സന്ദര്‍ശിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആര്‍എസ്എസ്. മോഹഭംഗം വന്നവരാണ് ഇത്തരത്തിലുളള തരംതാണ കൗശലങ്ങള്‍ നടത്തുന്നതെന്ന് ആര്‍എസ്എസ് പ്രസ്താവന കുറ്റപ്പെടുത്തുന്നു. രാഷ്ട്രീയ രംഗത്തുളള ചില വിഘടനശക്തികളാണ് പ്രണബിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ആര്‍എസ്എസ് കുറ്റപ്പെടുത്തി.

ഇത്തരം ശക്തികളാണ് പ്രണബിന്റെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനം തടയാന്‍ ശ്രമിച്ചത്. ഇതില്‍ മോഹഭംഗം സംഭവിച്ചവര്‍ തരംതാണ തന്ത്രങ്ങളുമായി ആര്‍എസ്എസിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണെന്നും ആര്‍എസ്എസ് ആരോപിച്ചു.

ആര്‍എസ്എസ് വേദിയില്‍ പ്രണബ് മുഖര്‍ജി നടത്തിയ, മതേതരത്വത്തില്‍ ഊന്നിയ പ്രസംഗം പാടേ തള്ളിയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. സംഘത്തിന്റെ തൊപ്പിയിട്ട് പ്രണബ് സല്യൂട്ട് ചെയ്യുന്ന, വ്യാജമായി നിര്‍മിച്ചതാണ് ചിത്രം. ചിത്രത്തിന് പിന്നില്‍ സംഘപരിവാര്‍ ഗ്രൂപ്പുകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആര്‍എസ്എസ് രംഗത്തുവന്നത്.വ്യാജമായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും ചിത്രത്തിനും എതിരെ മുന്‍ രാഷ്ട്രപതിയുടെ ഓഫിസ് തന്നെ രംഗത്തുവന്നിട്ടുണ്ട്.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനെതിരേ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പരിപാടിയിലെ അദ്ദേഹത്തിന്റെ പ്രസംഗം മറക്കുകയും പ്രസംഗിക്കുന്ന പടം നിലനില്‍ക്കുകയും ചെയ്യുമെന്നായിരുന്നു അച്ഛനുള്ള മുന്നറിയിപ്പെന്നോണം ട്വിറ്ററില്‍ അവര്‍ കുറിച്ചിരുന്നത്. എന്നാല്‍ പ്രസംഗ കഴിഞ്ഞ് ഒരു ദിവസം തികയും മുമ്പെയാണ് വ്യാജ ചിത്രം പ്രത്യക്ഷപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com