കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് കരുതി; ആൾക്കൂട്ടം തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽപ്പെട്ടവരെന്ന് തെറ്റിദ്ധരിച്ച് അസമിൽ രണ്ട് യുവാക്കളെ ജനക്കൂട്ടം മർദിച്ച് കൊന്നു
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് കരുതി; ആൾക്കൂട്ടം തല്ലിക്കൊന്നു

ഗുവാഹത്തി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽപ്പെട്ടവരെന്ന് തെറ്റിദ്ധരിച്ച് അസമിൽ രണ്ട് യുവാക്കളെ ജനക്കൂട്ടം മർദിച്ച് കൊന്നു. 30 വയസ്സ് പ്രായം വരുന്ന അഭിജിത്ത് നാഥ്, നീലോത്പൽ ദാസ് എന്നിവരെയാണ് ജനക്കൂട്ടം കൊലപ്പെടുത്തിയത്. 

അസമിലെ ആംഗ്ലോങ് ജില്ലയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം വിഹരിക്കുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെ ദോക്മോകയിലേക്ക് പോകുകയായിരുന്ന ഇവരെ എസ്.യു.വി കാറിൽ  നിന്നും വലിച്ച് പുറത്തിട്ടാണ് ജനക്കൂട്ടം മർദിച്ചത്. രണ്ടുപേരും ഓടി രക്ഷപ്പെടാൻ  ശ്രമിച്ചെങ്കിലും ജനക്കൂട്ടം ഇവരെ മൃഗീയമായി മർദിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഇരുവരും മരിച്ചു.

സംഭവത്തിന്‍റെ വിഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. നീലോത്പൽ ദാസ് എന്ന യുവാവ് ജനക്കൂട്ടത്തോട് യാചിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. 'ദയവായി എന്നെ കൊല്ലരുത്. ഞാൻ ഒരു അസംകാരനാണ്. എന്‍റെ പിതാവിന്‍റെ പേര് ഗോപാൽ ചന്ദ്ര ദാസ് എന്നും അമ്മയുടെ പേര് രാധിക ദാസ് എന്നുമാണ്. എന്നെ വിശ്വസിക്കണം. ദയവായി എന്നെ പോകാൻ അനുവദിക്കണം' എന്നെല്ലാം ഇയാൾ പറയുന്നുണ്ടെങ്കിലും ഇതൊന്നും കേൾക്കാൻ പോലും തയാറാകാതെ ജനക്കൂട്ടം ഇവരെ മർദിക്കുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.

മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ സംഭവത്തെ അപലപിച്ചു. ഊഹാപോഹങ്ങളുടെ പേരിൽ കൊലപാതകം നടത്തുന്നത് അപലപനീയമാണെന്നും എ.ഡി.ജി.പി ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com