സീറ്റു കുറഞ്ഞാല്‍ ബിജെപി പ്രണബിനെ പ്രധാനമന്ത്രിയാക്കും; പ്രവചനവുമായി ശിവസേന

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കാമെന്ന് ശിവസേനയുടെ പ്രവചനം
സീറ്റു കുറഞ്ഞാല്‍ ബിജെപി പ്രണബിനെ പ്രധാനമന്ത്രിയാക്കും; പ്രവചനവുമായി ശിവസേന

മുംബൈ: വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കാമെന്ന് ശിവസേനയുടെ പ്രവചനം. ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ പൊതുസമ്മതന്‍ എന്ന നിലയില്‍ പ്രണബ് മുഖര്‍ജി ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് ശിവസേന അനുമാനിക്കുന്നു.

പാര്‍ട്ടി മുഖപത്രത്തിലാണ് പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുളള സാധ്യത വിശദീകരിക്കുന്നത്. പ്രണബിനെ നാഗ്പുരിലേക്ക് ക്ഷണിച്ച ആര്‍എസ്എസിനെ  പാര്‍ട്ടി മുഖപ്രസംഗത്തില്‍ ശിവസേന വിമര്‍ശിച്ചു.  ശിവസേനയുടെ സ്ഥാപകനായ ബാല്‍ താക്കറെയെ ആര്‍എസ്എസ് ആസ്ഥാനത്തേയ്ക്ക് നേതൃത്വം ക്ഷണിച്ചിട്ടേയില്ലെന്ന് ശിവസേന കുറ്റപ്പെടുത്തി.

ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന ആര്‍എസ്എസ് നീക്കത്തെയും ശിവസേന വിമര്‍ശിച്ചു. മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുളള തന്ത്രമാണെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

പ്രണബിന്റെ നാഗ്പുര്‍ സന്ദര്‍ശനം തടയാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നടപടിയെയും ശിവസേന വിമര്‍ശിച്ചു. നിശബ്ദമായ വെടിക്കെട്ട് എന്ന പ്രതീതിയാണ് കോണ്‍ഗ്രസ് പ്രതിഷേധം സൃഷ്ടിച്ചത്. നെഹ്‌റുവിയന്‍ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന പ്രണബ് മുഖര്‍ജിയെ നാഗ്പുരിലേക്ക് ക്ഷണിച്ചതിലും ശിവസേന അമ്പരപ്പ് പ്രകടിപ്പിച്ചു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുളള ആര്‍എസ്എസ് തന്ത്രമാണ് പ്രണബിന്റെ സന്ദര്‍ശനം. ഇത്തരം സന്ദര്‍ശനങ്ങള്‍ രാഷ്ട്രീയമായി എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടുന്നത്. ബിജെപിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചില്ലായെങ്കില്‍ പൊതുസമ്മതന്‍ എന്ന നിലയില്‍ പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുളള സാധ്യത തളളിക്കളയാന്‍ കഴിയില്ലെന്നും ശിവസേന അനുമാനിക്കുന്നു.

മുന്‍പ്, കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നതിനെ ആര്‍എസ്എസ് പതിവായി വിമര്‍ശിക്കാറുണ്ട്. ഇത്തരത്തിലുളള പ്രീണന നയങ്ങള്‍ക്ക് ഹിന്ദുമതത്തില്‍ ഇടമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ആര്‍എസ്എസ് വിമര്‍ശനങ്ങളെല്ലാം. എന്നാല്‍ മുസ്ലീം പ്രീണനം ലക്ഷ്യമിട്ട് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്ന തലത്തിലേയ്ക്ക് ആര്‍എസ്എസിന് നിലപാടുമാറ്റം ഉണ്ടായതായും ശിവസേന ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com