ഗുജറാത്ത് തരംഗം ആവര്‍ത്തിക്കാന്‍ ഹാര്‍ദിക് പട്ടേല്‍ മധ്യപ്രദേശിലേക്ക് 

ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുറന്നുകാണിക്കാന്‍ പട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍ മധ്യപ്രദേശിലേക്ക്
ഗുജറാത്ത് തരംഗം ആവര്‍ത്തിക്കാന്‍ ഹാര്‍ദിക് പട്ടേല്‍ മധ്യപ്രദേശിലേക്ക് 

ഭോപ്പാല്‍: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തുറന്നുകാണിക്കാന്‍ പട്ടിദാര്‍ വിഭാഗം നേതാവ് ഹാര്‍ദിക് പട്ടേല്‍ മധ്യപ്രദേശിലേക്ക്. വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാന്‍ സംസ്ഥാനത്ത് ഉടനീളം അടുത്ത മാസം യാത്ര ചെയ്യുമെന്ന് ഹാര്‍ദിക് പട്ടേല്‍ അറിയിച്ചു. കര്‍ഷകരുടെയും യുവാക്കളുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് യാത്രയിലുടെ ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഹാര്‍ദിക് പട്ടേല്‍ മാധ്യമങ്ങളോട് തുറന്നടിച്ചു.

ഗുജറാത്ത് മാതൃകയില്‍ മധ്യപ്രദേശില്‍ ബിജെപിക്കെതിരെ തരംഗം സൃഷ്ടിക്കാന്‍ ഹാര്‍ദിക് പട്ടേലിനെ മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് സംസ്ഥാനത്തിലേയ്ക്ക് ക്ഷണിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹാര്‍ദിക് പട്ടേലിന്റെ യാത്ര. 

യാത്രയിലുടനീളം പാര്‍ട്ടി,സ്ഥാനാര്‍ത്ഥികള്‍ എന്നിവയെ കുറിച്ച് ഒന്നും തന്നെ പരാമര്‍ശിക്കില്ലെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. അതാത് മണ്ഡലങ്ങളിലെ സിറ്റിങ് എംഎല്‍എമാരുടെ പ്രവര്‍ത്തനം സൂക്ഷ്മമായി വിലയിരുത്താന്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിക്കുക മാത്രമാണ് താന്‍ ചെയ്യുകയെന്നും ഹാര്‍ദിക് പട്ടേല്‍വ്യക്തമാക്കി.

ബിജെപിയെ വിമര്‍ശിച്ച ഹാര്‍ദിക് പട്ടേല്‍, ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ എത്തിയില്ലെന്ന് കുറ്റപ്പെടുത്തി. കര്‍ഷകരെയും യുവാക്കളെയും നിരാശപ്പെടുത്തുന്ന ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നത്. പൊതുതാല്പര്യം കണക്കിലെടുത്ത് വിവിധ വിഷയങ്ങള്‍ ഉന്നയിക്കുന്ന തന്നെ കോണ്‍ഗ്രസ് ഏജന്റായി ബിജെപി മുദ്രകുത്തുന്നുവെങ്കില്‍, താന്‍ കോണ്‍ഗ്രസിന്റെ ഏജന്റാണെന്ന് സമ്മതിക്കുന്നുവെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

സംസ്ഥാനത്തിലുടെ കടന്നുപോകുന്ന നര്‍മ്മദ നദിയുടെ ഉത്ഭവസ്ഥാനമായ അമര്‍കണ്ഠില്‍ നിന്നുമാണ് ഹാര്‍ദിക് പട്ടേലിന്റെ യാത്ര ആരംഭിക്കുക. രണ്ടു ഘട്ടങ്ങളിലായുളള യാത്രയിലുടെ 100 നിയോജകമണ്ഡലം സന്ദര്‍ശിക്കാനാണ് ഹാര്‍ദിക് പട്ടേലിന്റെ പദ്ധതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com