ഡല്‍ഹിക്ക് സംസ്ഥാന പദവി തന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് കെജ്രിവാള്‍

നിയമസഭയില്‍ ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന പ്രമേയം പാസാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിക്ക് സംസ്ഥാന പദവി തന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി അനുവദിക്കുകയാണെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്ന വാഗ്ദ്ധാനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുകയാണെങ്കില്‍ ബിജെപിയെ സംസ്ഥാനത്ത് നിന്നും പുറത്താക്കാനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയില്‍ ഡല്‍ഹിയ്ക്ക് പൂര്‍ണ സംസ്ഥാന പദവി വേണമെന്ന പ്രമേയം പാസാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ കേന്ദ്രഭരണപ്രദേശമാണ് ഡല്‍ഹി.

പൂര്‍ണ സംസ്ഥാന പദവി നല്‍കുകയാണെങ്കില്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിക്കാരുടെ ഓരോ വോട്ടു ബിജെപിക്ക് അനുകൂലമാകുമെന്നും കെജ്രിവാള്‍ ഉറപ്പ് നല്‍കി. അതേസമയം ഇത് മറിച്ചാണെങ്കില്‍ ബിജെപി ഡല്‍ഹി വിടേണ്ടി വരുമെന്നാണ് കെജ്രിവാള്‍ പറയുന്നത്. ഡല്‍ഹിയിലെ ഓരോ വീട്ടിലും ബിജെപിയെ പുറത്താക്കുക എന്ന ബോര്‍ഡ് സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യ സമരം നടത്തിയത് പോലെ ആം ആദ്മി പാര്‍ട്ടി 'ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി ചോഡോ' (ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഡല്‍ഹി വിടുക) എന്ന കാംപയിന്‍ നടത്തുമെന്നും പിന്നീട് കെജ്രിവാള്‍ പറഞ്ഞു. പൂര്‍ണ സംസ്ഥാന പദവിക്ക് വേണ്ടിയുള്ള തങ്ങളുടെ സമരം സ്വാതന്ത്ര്യ സമരത്തിന് തുല്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം ഡല്‍ഹി നിയമസഭ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. നഗരത്തില്‍ കുടിവെള്ളം എത്തിക്കാന്‍ വൈകുന്നെന്ന് ആരോപിച്ച് ബിജെപി അംഗങ്ങള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും പിന്നീട് സഭ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. എന്നാല്‍ അല്‍പ സമയത്തിനുള്ളില്‍ സഭയിലേക്ക് തിരികെ വന്ന പ്രതിപക്ഷ അംഗങ്ങള്‍ ബഹളം തുടര്‍ന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇവരെ നീക്കം ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com