തമിഴ്‌നാട് എംഎല്‍എമാരുടെ അയോഗ്യത: ഡിവിഷന്‍ ബെഞ്ചില്‍ അഭിപ്രായഭിന്നത, കേസ് മൂന്നാമത്തെ ജഡ്ജിക്ക് വിട്ടു
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th June 2018 02:32 PM |
Last Updated: 14th June 2018 02:32 PM | A+A A- |

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍. സ്പീക്കറുടെ നടപടി ചീഫ് ജസ്റ്റിസ് ഇന്ദിരബാനര്‍ജി ശരിവെച്ചു. എന്നാല്‍ ഡിവിഷന്‍ ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റ്റിസ് സുന്ദരം ചീഫ് ജസ്റ്റിസിന്റെ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്ത പശ്ചാത്തലത്തില്‍ മൂന്നാമത്തെ ജഡ്ജിയുടെ തീരുമാനത്തിനായി കേസ് മാറ്റിവെച്ചു. കേസില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതുവരെ എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ തെരഞ്ഞടുപ്പ് നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. പളനിസ്വാമി സര്‍ക്കാരിന് താത്ക്കാലിക ആശ്വാസം നല്‍കുന്നതാണ് നടപടി.
എഐഎഡിഎംകെയിലെ വിമത നേതാവ് ടിടിവി ദിനകരന് പിന്തുണ പ്രഖ്യാപിച്ചതിന്റെ പേരിലാണ് 18 എംഎല്‍എമാരെ നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇത് ചോദ്യം ചെയ്ത് എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിയമസഭ സ്പീക്കറുടെ നടപടി ചീഫ് ജസ്റ്റിസ് ഇന്ദിരബാനര്‍ജി ശരിവെയ്ക്കുകയായിരുന്നു. എന്നാല്‍ ഇതില്‍ ജസ്റ്റിസ് സുന്ദരം വിയോജിപ്പ് രേഖപ്പെടുത്തിയതോടെ തീരുമാനം മൂന്നാമത്തെ ജഡ്ജിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.