സീറ്റുകള്‍ ഉദാരമായി സഖ്യകക്ഷികള്‍ക്കു നല്‍കും; കോണ്‍ഗ്രസിന്റെ മത്സരം 250ല്‍ ഒതുങ്ങും; 2019ലെ തന്ത്രങ്ങള്‍ ഒരുങ്ങുന്നു

സീറ്റുകള്‍ ഉദാരമായി സഖ്യകക്ഷികള്‍ക്കു നല്‍കും; കോണ്‍ഗ്രസിന്റെ മത്സരം 250ല്‍ ഒതുങ്ങും; 2019ലെ തന്ത്രങ്ങള്‍ ഒരുങ്ങുന്നു
സീറ്റുകള്‍ ഉദാരമായി സഖ്യകക്ഷികള്‍ക്കു നല്‍കും; കോണ്‍ഗ്രസിന്റെ മത്സരം 250ല്‍ ഒതുങ്ങും; 2019ലെ തന്ത്രങ്ങള്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ബിജെപി ഇതര പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്നതിന്റെ ഭാഗമായി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 250 ആയി പരിമിതപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ഏതു വിധേനെയും ബിജെപിയെ അധികാരത്തില്‍നിന്ന് താഴെയിറക്കുന്ന എന്ന ലക്ഷ്യത്തോടെ പരമാവധി വിട്ടുവീഴ്ചകള്‍ക്കു കോണ്‍ഗ്രസ് ഇക്കുറി തയാറാവുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. ഇതിനുള്ള സാഹചര്യമൊരുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്കു പാര്‍ട്ടി തുടക്കമിട്ടിട്ടുണ്ട്. ഏതെല്ലാം മേഖലകളില്‍ ഏതെല്ലാം പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കണം, അതിനായി എത്ര സീറ്റുകള്‍ വരെ വിട്ടുകൊടുക്കാം തുടങ്ങിയ ചര്‍ച്ചകള്‍ പാര്‍ട്ടി ഉന്നത നേതാക്കള്‍ക്കിടയില്‍ നടക്കുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പിനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട എകെ ആന്റണി സമിതി ഇതു സംബന്ധിച്ച് സംസ്ഥാന നേതാക്കളില്‍നിന്ന് അഭിപ്രായമാരാഞ്ഞിട്ടുണ്ട്. ജില്ലാ തലത്തില്‍ വരെയുള്ള നേതാക്കളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച ശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവൂ.

കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 250 ആയി പരിമിതപ്പെടുത്തി പരമാവധി സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനാണ് ഒരു വിഭാഗം നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. മഹാസഖ്യം രൂപപ്പെടുത്തി ബിജെപിക്കു കിട്ടുന്ന സീറ്റുകള്‍ പരമാവധി കുറയ്ക്കണമെന്നാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന തന്ത്രം. നരേന്ദ്രമോദി തരംഗം ആഞ്ഞടിച്ചിട്ടും പാര്‍ട്ടി ജയിച്ചുകയറിയ 44 സീറ്റുകള്‍ പാര്‍ട്ടി വിട്ടുകൊടുക്കില്ല. നേരത്തെ ജയിച്ചുവന്നതും തുടര്‍ച്ചയായി മത്സരിച്ചുവന്നതുമായ സീറ്റുകള്‍ വരെ സഖ്യകക്ഷികള്‍ക്കായി വിട്ടുകൊടുക്കാമെന്നാണ് ഇവരുടെ നിലപാട്. 

ബിഹാറിലും ഉത്തര്‍പ്രദേശിലും ആര്‍ജെഡിയുമായും സമാജ് വാദി പാര്‍ട്ടിയുമായും സഖ്യത്തില്‍ മത്സരിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്താനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. അതതു സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുടെ മേല്‍ക്കൈ അംഗീകരിച്ച് കൂടുതല്‍ സീറ്റുകള്‍ വിട്ടുകൊടുക്കുകയും ദേശീയതലത്തില്‍ വലിയ കക്ഷിയെന്ന മേല്‍ക്കൈ നേടിയെടുക്കുകയുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com